ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റാ ബേസ് തയ്യാറാക്കല്‍ വൈകുന്നു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനു കീഴില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങളിലെയും ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കാന്‍ സാമൂഹികനീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കടലാസിലൊതുങ്ങി. ഉത്തരവ് പുറപ്പെടുവിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും നാളിതുവരെ പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും ഉത്തരവ് എത്തിയിട്ടില്ല. 2018 ഫെബ്രുവരി 28നു മുമ്പ് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.
2013ലെ സുപ്രിംകോടതി വിധിപ്രകാരം ഭിന്നശേഷിക്കാര്‍ക്കുള്ള വേക്കന്‍സികളിലെ ബാക്ക്‌ലോഗ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഡാറ്റാബേസ് തയ്യാറാക്കല്‍. 1995ലെ ആക്റ്റ് പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കാനായി കണ്ടെത്തിയ തസ്തികകളില്‍ മൂന്നു ശതമാനം റിസര്‍വേഷന്‍ പാലിച്ചിട്ടുണ്ടോ, 1996 മുതല്‍ സംവരണം ചെയ്തിട്ടുള്ള മൂന്നു ശതമാനം തസ്തികകളിലും നിയമനം ഉറപ്പാക്കിയിട്ടുണ്ടോ എന്നിവ കണ്ടെത്താന്‍ കൂടിയായിരുന്നു വിവരശേഖരണം.
2004 മുതല്‍ നിയമനങ്ങളില്‍ മൂന്നു ശതമാനം സംവരണം നടപ്പാക്കുന്നതിനുള്ള ചുമതല പിഎസ്‌സിക്കാണ്. എന്നാല്‍, 2004നു മുമ്പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികമായി ജോലി ചെയ്ത 2000ഓളം ഭിന്നശേഷിക്കാര്‍ക്ക് 2013ല്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സാമൂഹിക നീതി വകുപ്പ് നിയമനം നല്‍കിയിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം പ്രത്യേക ഉത്തരവിലൂടെ ഇവരുടെ സര്‍വീസ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. വളരെ വൈകിയാണ് ഭിന്നശേഷിക്കാര്‍ക്ക് നിയമനം ലഭിക്കാറ്. അതുകൊണ്ടുതന്നെ പലര്‍ക്കും 10-15 വര്‍ഷം മാത്രമാണ് സര്‍വീസ്. ശരിയായ രീതിയില്‍ നടപ്പാക്കി ഭിന്നശേഷി ജീവനക്കാര്‍ നേരിടുന്ന വിവിധ വിഷയങ്ങളില്‍ കൂടി പരിഹാരം കാണാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നു ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഡിഎഇഎ) തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. വഴുതക്കാട് ഗവ. വിമന്‍സ് കോളജില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ് ടി കെ ബിജു ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it