ഭിന്നശേഷി ചികില്‍സാ പുനരധിവാസ പദ്ധതി കണ്ണൂരിലും

കണ്ണൂര്‍: കാലിക്കറ്റ് സര്‍വകലാശാലാ മനശ്ശാസ്ത്ര വിഭാഗവും കേരള സാമൂഹികനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഭിന്നശേഷി ചികില്‍സാ പുനരധിവാസ പദ്ധതി കമ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് ആന്റ് റീഹാബിലിറ്റേഷന്‍ പ്രോഗ്രാം- കണ്ണൂര്‍ ജില്ലയിലും പ്രവര്‍ത്തനമാരംഭിച്ചു. മൂന്ന് നഗരസഭകളിലും മൂന്ന് പഞ്ചായത്തുകളിലുമായി ആരംഭിച്ച പദ്ധതിയുടെ ഉല്‍ഘാടനം പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.  ഭിന്നശേഷിക്കാരായ ഏഴ് ലക്ഷത്തില്‍പരം പേരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നത് സംസ്ഥാനത്തിന്റെ സവിശേഷതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച പരിശീലനം നല്‍കുന്നതിലൂടെ ഭിന്നശേഷക്കാരില്‍ നിന്ന് വലിയ സംഭാവനകള്‍ സമൂഹത്തിന് ലഭിക്കും. കാലിക്കറ്റ് സര്‍വകലാശാലയും സാമൂഹിക നീതി വകുപ്പും ചേര്‍ന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ വന്‍വിജയമായ സാഹചര്യത്തിലാണ് പദ്ധതി കണ്ണൂര്‍ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്.ആരോഗ്യ, സാമൂഹികനീതി വകുപ്പുമന്ത്രി കെ കെ ശൈലജ ചടങ്ങില്‍ അധ്യക്ഷയായിരുന്നു. വൈസ്ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. പി കെ ശ്രീമതി എംപി, ജയിംസ് മാത്യു എംഎല്‍എ, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി എ അബ്ദുല്‍ മജീദ് സിന്‍ഡിക്കേറ്റംഗം കെ കെ ഹനീഫ, അനിത വേണു തുടങ്ങിയവര്‍ പങ്കെടുത്തു. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ  ശ്യാമള സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ എം വി ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it