malappuram local

ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത പരിരക്ഷ ഉറപ്പാക്കും: ജില്ലാ കലക്ടര്‍

മലപ്പുറം: ഓട്ടിസം, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 1999ലെ നാഷനല്‍ ട്രസ്റ്റ് ആക്ട് നിഷ്‌കര്‍ശിക്കുന്ന പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ഈ വിഭാഗത്തില്‍പെടുന്ന ആളുകള്‍ക്ക് കുടുംബത്തില്‍ തന്നെ സുരക്ഷിതമായി ജീവിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും സഹകരിക്കണം.
ഈ വിഭാഗത്തില്‍പെടുന്നവര്‍ മാതാപിതാക്കളുടെ മരണത്തോടെ സംരക്ഷിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമൊഴിവാക്കാനാവശ്യമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ സംരക്ഷണത്തിനും സ്വത്ത് കൈകാര്യം ചെയ്യുന്നതിനും സംരക്ഷകനെ നിയമിക്കുന്നതിനുള്ള അധികാരം ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള പ്രാദേശികതല കമ്മിറ്റിക്കാണ്. പരസഹായമില്ലാതെ ജീവിക്കാന്‍ പറ്റാത്തവരുടെ സ്വത്തുക്കള്‍ അന്യായമായ രീതിയില്‍ തട്ടിയെടുക്കുന്നത് ഒഴിവാക്കുകയാണ് ആക്ടിന്റെ പ്രധാന ലക്ഷ്യം.
കൂടാതെ ഇത്തരക്കാര്‍ക്ക് മതിയായ പരിരക്ഷയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നുണ്ട്്. കലക്ടറേറ്റില്‍ ചേര്‍ന്ന പ്രാദേശിക ലെവല്‍ കമ്മിറ്റി യോഗത്തില്‍ 25 അപേക്ഷകളില്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.
അതേസമയം, നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഭിന്നശേഷിയുള്ള ആളുകള്‍ക്കു കൂടി അവകാശപ്പെട്ട സ്വത്തുക്കള്‍ നിയമാനുസൃത ഗാര്‍ഡിയന്‍ഷിപ്പ് അനുവദിച്ച് കിട്ടിയതിനുശേഷം നാഷനല്‍ ട്രസ്റ്റ് ആക്ടിന്റെ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുമതിയോടുകൂടി അല്ലാത്ത എല്ലാ ക്രയവിക്രയങ്ങളും അസാധുവായിരിക്കും.
ഇത്തരം ആളുകളുടെ സ്ഥലങ്ങള്‍ കമ്മിറ്റിയുടെ അനുവാദം ഇല്ലാതെ ബന്ധുക്കള്‍ക്കോ മാറ്റാര്‍ക്കെങ്കിലും വില്‍ക്കാനോ കൈമാറാനോ പാടില്ല. രജിസ്‌ട്രേഷന്‍ സമയത്ത് ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കേണ്ടതാണ്. കലക്ടറേറ്റില്‍ നടത്തിയ ഹിയറിങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫിസര്‍ കെ കൃഷ്ണമൂര്‍ത്തി, ജില്ലാ രജിസ്ട്രാര്‍ ആര്‍ അജിത് കുമാര്‍, പോലിസ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍, അഡ്വ.സുജാത വര്‍മ്മ, കമ്മിറ്റി മെമ്പര്‍മാരായ സിനില്‍ ദാസ്, വി വേണു ഗോപാലന്‍, കെ അബ്ദുല്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it