ഭിന്നശേഷിക്കാര്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും: മന്ത്രി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി സംസ്ഥാനത്ത് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ കാഴ്ച പരിമിതിയുള്ള 100 വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ വോയ്‌സ് എന്‍ഹാന്‍സ്ഡ് സോഫ്റ്റ്‌വെയറോടു കൂടിയ ലാപ്‌ടോപ് വിതരണവും പരിശീലനവും 'കാഴ്ച 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്താല്‍ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കാനാണ് ശ്രമം നടത്തിയത്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുകൂലമായ നിലപാട് ഉണ്ടാവാത്ത സാഹചര്യത്തിലാണു സംസ്ഥാനം സ്വന്തമായി പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്.
സാമൂഹികക്ഷേമ വകുപ്പ് പ്രായമായവര്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും ഭിന്നശേഷിക്കാര്‍ക്കുമായി അമ്പ്രല്ലാ സ്‌കീമില്‍ പെടുത്തിയാണ് ക്ഷേമപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി അനുയാത്ര എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നൂതനമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it