palakkad local

ഭിന്നശേഷിക്കാര്‍ക്കായി പഞ്ചായത്തുതല പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

പാലക്കാട്: ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പഞ്ചായത്ത്തല പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകണമെന്ന് ഭരണപരിഷ്—കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകള്‍ പ്ലാന്‍ ഫണ്ടില്‍ നിന്ന് നിശ്ചിത ഭാഗം ഈ വിഭാഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കണമെന്നും ഫണ്ട് വിനിയോഗം ഫലപ്രദമാക്കണമെന്നും കമീഷന്‍ വിലയിരുത്തി. പാലക്കാട് നഗരസഭ ടൗണ്‍ഹാളില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍, ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളുടെ  േക്ഷമം സംബന്ധിച്ച വിഷയങ്ങളില്‍ നടത്തിയ പബ്ലിക് ഹിയറിങ്ങിലാണ് കമ്മീഷന്റെ ശക്തമായ നിര്‍ദ്ദേശമുണ്ടായത്.
മുചക്രവാഹനവിതരണം, സൈക്കിള്‍ വിതരണം തുടങ്ങിയവ ഉള്‍പ്പെടെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വിതരണത്തില്‍ പഞ്ചായത്ത്തലത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ആവശ്യമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ ഭിന്നശേഷി സൗഹാര്‍ദ്ദമാക്കാനുളള നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടു. പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യങ്ങളില്‍ ഭിന്നശേഷിവിഭാഗക്കാര്‍ക്കുളള പ്രത്യേക സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫണ്ട്-സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതില്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമീഷന്‍ അറിയിച്ചു.
ഭിന്നശേഷിവിഭാഗക്കാര്‍ക്ക് വരുമാനപരിധിയുടെ അടിസ്ഥാനത്തിലല്ലാതെ ബസുകളില്‍ യാത്രാ നിരക്കില്‍ ഇളവ് ലഭ്യമാക്കുക, പല ആവശ്യങ്ങള്‍ക്കായി ഒട്ടേറെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിന് പകരം ഒരു തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കുക,  പ്രായത്തിനനുസൃതമായി ബുദ്ധിവളര്‍ച്ച ഇല്ലാത്തവര്‍ക്ക് പ്രത്യേക പരിഗണ ലഭ്യമാക്കുക, ബുദ്ധിപരമായും-മാനസികമായും വൈകല്യമുളളവരെ ഭിന്നശേഷിക്കാരില്‍ പ്രത്യേകവിഭാഗമായി പരിഗണിക്കുക എന്നിങ്ങനെ പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യങ്ങള്‍ പ്രഥമ പരിഗണനയില്‍ ഉള്‍പ്പെടുത്തി വിശദ പരിശോധന നടത്തി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് വ്യക്തമാക്കി.
പഞ്ചായത്ത്തല പ്രതിനിധികള്‍, വികലാംഗ ക്ഷേമ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകളുടെ പ്രതിനിധികള്‍, മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുള്‍പ്പെട്ട 500ഓളം പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്തു. കമ്മീഷന്‍ അംഗങ്ങളായ സി പി നായര്‍, നീല ഗംഗാധരന്‍, കമീഷന്‍ അഡീഷണല്‍ സെക്രട്ടറി ടി പി ബാബു, ഷീല തോമസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബു മറ്റു ഉദ്യോഗസ്ഥര്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it