palakkad local

ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോടതി തുടങ്ങിയില്ല



പട്ടാമ്പി: ഭിന്നശേഷിക്കാരുടെ കേസുകള്‍ കൈകാര്യം ചെയ്യാനായി ജില്ലകളില്‍ പ്രത്യേക കോടതികള്‍ ആരംഭിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് ഇനിയും നടപ്പായില്ല. 2016 ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭിന്നശേഷിക്കാരൂടെ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്ഥാപിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. 2017 മാര്‍ച്ച് 31നകം രാജ്യത്തെ എല്ലാ ജില്ലകളിലും പ്രത്യേക കോടതി സ്ഥാപിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ ഉത്തരവ്. ഏപ്രില്‍ 25ന് വീണ്ടും നിര്‍ദേശം നല്‍കി. എന്നാല്‍ ഉത്തരവിറങ്ങി ആറു മാസം കഴിഞ്ഞിട്ടും ഭൂരിഭാഗം ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിച്ചില്ല. പല ജില്ലകളിലും പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയാക്കിയിട്ടില്ല. അപൂര്‍വം ചില ജില്ലകളില്‍ മാത്രമാണ് ഇതു സംബന്ധിച്ച് കണക്കെടുപ്പ് തുടങ്ങിയിട്ടുള്ളത്. ജില്ലകളില്‍ നിന്നുള്ള കണക്കെടുപ്പുകള്‍ പൂര്‍ത്തിയായാല്‍ ജില്ലാ കോടതികള്‍ കൃത്യമായ കണക്ക് ഹൈക്കോടതിക്ക് കൈമാറണം. പ്രത്യേക കോടതികള്‍ക്ക് മാത്രമായി ഒരു സെഷന്‍സ് ജഡ്ജി ഉണ്ടാവും. ഒരു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടരെയും നിയമിക്കണം. സംസ്ഥാനത്തെ  ഭിന്നശേഷിക്കാര്‍ വാദികളോ പ്രതികളോ ആയ സിവില്‍-ക്രിമിനല്‍ കേസുകളാണ് പരിഗണിക്കുക. കോടതികളില്‍ നിലവിലുള്ള കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഭിന്നശേഷിക്കാരുടെ അവകാശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന നിരവധി പദ്ധതികളുണ്ട്.  ഈ പദ്ധതികള്‍ സംബന്ധിച്ച വ്യവഹാരങ്ങള്‍ക്ക് വേണ്ടിയും കോടതിയെ സമീപിക്കാം. വ്യക്തിപരമായ അന്തസ്സും സ്വാതന്ത്ര്യവും ഇഷ്ടങ്ങളും വിവേചന രഹിതമായ തുല്യ പങ്കാളിത്തവും ഭിന്നശേഷിക്കാരായ കുട്ടികളുടെ വ്യക്തിത്വം സംരക്ഷിക്കല്‍  തുടങ്ങിയ കാര്യങ്ങള്‍ പ്രത്യേക കോടതിയുടെ പരിഗണയില്‍ ഉള്‍പ്പെടും. പ്രത്യേക കോടതികള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ ഓരോ ജില്ലകളിലും നൂറുകണക്കിന് കേസുകളാണ് ജില്ലാതലത്തി ല്‍ കെട്ടിക്കിടക്കുന്നത്.
Next Story

RELATED STORIES

Share it