ഭിന്നശേഷിക്കാരെ ശാക്തീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: ദുരന്തത്തിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടി വരുന്ന ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ 'ദുരന്തനിവാരണത്തില്‍ ഭിന്നശേഷിക്കാരുടെ ശാക്തീകരണം' എന്ന പദ്ധതി വഴിയാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് കോട്ടയത്ത് ജില്ലാ കലക്ടര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും.
ആദ്യഘട്ടം 14 ജില്ലകളിലെ ഏകദേശം 3000 ഭിന്നശേഷിക്കാരെ പരിശീലിപ്പിക്കും. ജില്ലാതലത്തിലുള്ള പരിശീലനങ്ങളില്‍ പ്രഥമ ശുശ്രൂഷ, ദുരന്തത്തെ അതിജീവിക്കാനുള്ള നൈപുണ്യം, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭിന്നശേഷിക്കാരായവരെ പരിശീലിപ്പിക്കുകയും ചെയ്യും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി അവരുടെ രക്ഷിതാക്കളെ പരിശീലിപ്പിക്കും. കാഴ്ചശക്തി ഇല്ലാത്തവര്‍ക്കായി ബ്രെയില്‍ സന്ദേശങ്ങളും ശബ്ദരേഖകളും തയ്യാറാക്കിയിട്ടുണ്ട്.
ശ്രവണശക്തി ഇല്ലാത്തവര്‍ക്കായി ആംഗ്യ ഭാഷയിലുള്ള സന്ദേശങ്ങളും തയ്യാറാക്കി. നിഷ് തിരുവനന്തപുരം, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് എന്നീ സ്ഥാപനങ്ങള്‍ ഇതിനായി സഹകരിച്ചു. എംജി സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍ സര്‍വകലാശാല സെന്റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസിലെ (ഐയുസിഡിഎസ്) വിദഗ്ധരാണ് ഭിന്നശേഷിക്കാരുടെ പരിശീലനത്തിന് നേതൃത്വം നല്‍കുക. ഏകദേശം 140 പരിശീലകര്‍ക്കു കഴിഞ്ഞ വര്‍ഷം പരിശീലനം നല്‍കി. വിവധ സന്നദ്ധ സംഘടനകള്‍ക്കും പരിശീലനം നല്‍കി. ദേശീയതലത്തില്‍ മറ്റൊരു സംസ്ഥാനവും ഇത്തരം പരിശീലനം നടത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കേരളത്തിലെ എല്ലാ ജില്ലകളിലും ഭിന്നശേഷിക്കാര്‍ക്കായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും സഹകരണത്തിലാണ് പരിശീലനം.
പരസഹായം ഇല്ലാതെ ഭിന്നശേഷിക്കാര്‍ക്ക് ദുരന്തങ്ങളില്‍ നിന്നും സ്വയരക്ഷ എളുപ്പമല്ല. എന്നാല്‍, ശരിയായ പരിശീലനത്തിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റാമുണ്ടാക്കാമെന്ന തിരിച്ചറിവില്‍ 2016ലാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഒരു കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.
ദുരന്തത്തിന് മുമ്പും ദുരന്തസമയത്തും ദുരന്തത്തിന് ശേഷവും ഇങ്ങനെയുള്ളവരെ എങ്ങനെ സംരക്ഷിക്കാനാവുമെന്ന കാര്യങ്ങള്‍ ഈ കൈപ്പുസ്തകത്തിലുണ്ട്.
2015ല്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ സെന്‍സസ് പ്രകാരം കേരളത്തില്‍ 7,93,937 ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്ക്. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന പ്രൊജക്ട് ഓഫിസറുമായി (0471 2331345) ബന്ധപ്പെടാം. ജില്ലാതലത്തിലുള്ള പരിശീലനത്തിനായി അതത് ജില്ലാ കലക്ടറേറ്റിലോ, ഐയുസിഡിഎസിന്റെ ട്രെയിനിങ് കോ-ഓഡിനേറ്ററുമായി (0481 2731580) ബന്ധപ്പെടാം.
Next Story

RELATED STORIES

Share it