Kottayam Local

ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സര്‍വേ പൂര്‍ത്തിയായി

കോട്ടയം: ജില്ലയിലെ ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ കണ്ടെത്തുന്നതിനു നടത്തിയ സര്‍വേ പൂര്‍ത്തിയായി. ശാരീരിക അവശതയുടെ പേരില്‍ വോട്ടിങില്‍ നിന്നു ഭിന്നശേഷിക്കാര്‍ വിട്ടുനില്‍ക്കുന്നതായുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍വേ നടത്തിയത്. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലൂടെ ജില്ലയില്‍ 1200ലധികം വോട്ടര്‍മാരെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ സര്‍വേ റിപോര്‍ട്ട് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരിക്ക് കൈമാറി. ശാരീരിക അവശതകളുണ്ടെങ്കിലും സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിനുളള ശ്രമങ്ങള്‍ സ്വീപ്പ് നോഡല്‍ ഓഫിസര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
2009 ല്‍ കോട്ടയത്ത് വച്ചുണ്ടായ ട്രെയിനപകടത്തില്‍ വലതു കൈപ്പത്തിയും ഇടതു കാല്‍പ്പാദവും നഷ്ടപ്പെട്ട അനീഷ് മോഹനനെയാണ് ഈ പ്രവര്‍ത്തനങ്ങളുടെ ജില്ലാ അംബാസിഡറായി നിയമിച്ചിട്ടുളളത്. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെ പ്രചോദിപ്പിക്കുന്നതിനുള്ള 2014ലെ മികച്ച പരിശീലകനുള്ള സാമൂഹികക്ഷേമ വകുപ്പിന്റെ സംസ്ഥാന അവാര്‍ഡ് ജേതാവാണ് അനീഷ് മോഹന്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പേഴ്‌സനല്‍ സെന്റേര്‍ഡ് അപ്രോച്ചസ് ഇന്‍ ഇന്ത്യയുടെ ദേശീയ സംഘാടകനും പരിശീലകനുമായ അനീഷിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരെ പോളിങ് ബൂത്തിലെത്തിക്കുന്നതിനുള്ള സമഗ്ര പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുളളത്.
ആവശ്യമുളള പോളിങ് ബൂത്തുകളില്‍ വീല്‍ചെയര്‍ ലഭ്യമാക്കുന്നതിനും ബ്രെയില്‍ ലിപിയിലുളള വോട്ടിങ് മിഷിന്‍ വാഹനം എന്നിവ ഒരുക്കുന്നതിനുളള തയ്യാറാടെപ്പിലാണ് ജില്ലാ ഭരണകൂടം.
Next Story

RELATED STORIES

Share it