Flash News

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സുകള്‍ വൈകുന്നു ; ഭൂരിപക്ഷം രക്ഷിതാക്കളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍



ഷാജി പാണ്ട്യാല

തലശ്ശേരി: ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ അനന്തമായി നീളുന്നത് പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. വിദ്യാര്‍ഥികളുടെ പ്രതിമാസ പഠന അലവന്‍സ്, യാത്രാ ആനുകൂല്യം എന്നിവ ഒരു അധ്യയന വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് പരാതി. എന്നാല്‍ ഭിന്നശേഷിക്കാരായ ഒബിസി, ഒഇസി, എസ്‌സി, എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളാണ് ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നത്. ഇവരില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 125 രൂപയും ഹൈസ്‌കൂളില്‍ പഠിക്കുന്ന മൈനോറിറ്റി വിഭാഗത്തില്‍ പെട്ടവര്‍ക്ക് 750 രൂപയുമാണ് അലവന്‍സായി നല്‍കുന്നത്. എല്‍പി, യുപി വിഭാഗത്തില്‍പ്പെട്ട ഒഇസി, എസ്‌സി, എസ്ടിക്കാര്‍ക്ക് യഥാക്രമം 250-500 രൂപയും ഹൈസ്‌കൂള്‍ മതന്യൂനപക്ഷ വിഭാഗത്തിനു 900 രൂപയുമാണ് സര്‍ക്കാര്‍ അംഗീകൃത അലവന്‍സുകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ വകുപ്പ് വഴിയും പഞ്ചായത്തുകള്‍ വഴിയുമാണ് സാധാരണയായി വിദ്യാര്‍ഥികള്‍ക്കുള്ള അലവന്‍സും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നത്. ഇത്തരത്തില്‍ നേരത്തേ ഒരു വിദ്യാര്‍ഥിക്ക് പ്രതിമാസം ആറായിരം രൂപ വരെ ലഭിച്ചിരുന്നു. എന്നാല്‍, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനു നല്‍കുന്ന തുക ഗണ്യമായി വെട്ടിക്കുറച്ചതോടെ അലവന്‍സ് മൂവായിരമായി ചുരുങ്ങി. നേരത്തെ ഈ തുക രക്ഷിതാക്കളുടെ അക്കൗണ്ടിലേക്ക് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ വഴിയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ നാണയമൂല്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി തുക വിതരണം കേന്ദ്രീകരിച്ച് ഡിഇ ഓഫിസ് വഴി മാത്രമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഡിഇ ഓഫിസില്‍ സംഭവിക്കുന്ന ചെറിയ പിശകുകള്‍ പോലും വിദ്യാര്‍ഥികളുടെ ആനുകൂല്യം അനന്തമായി നീണ്ടുപോകാന്‍ കാരണമാവുന്നു. വൈകല്യം ബാധിച്ച കുട്ടികളെ പ്രത്യേക വാഹനത്തില്‍ രക്ഷിതാക്കള്‍ തന്നെയാണ് സ്‌കൂളില്‍ എത്തിക്കുന്നതും തിരിച്ചുകൊണ്ടുവരുന്നതും. ഇതിനായി ഏര്‍പ്പെടുത്തുന്ന വാഹനങ്ങള്‍ക്ക് പ്രതിമാസം നല്‍കേണ്ട തുക അധ്യയന വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. അതിനാ ല്‍, പുതിയ അധ്യയനവര്‍ഷത്തി ല്‍ എങ്ങനെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുമെന്നാണ് രക്ഷിതാക്കളുടെ ആശങ്ക. ഭൂരിപക്ഷം രക്ഷിതാക്കളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. സംസ്ഥാന സ ര്‍ക്കാര്‍ നടപ്പാക്കിയ ആശാകിരണ്‍ പദ്ധതിയുടെ അവസ്ഥയും ഇതുതന്നെയാണ്. ചില പഞ്ചായത്തുകള്‍ തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇതുസംബന്ധിച്ച വ്യക്തതകളില്ല. സ്‌കൂള്‍ പ്രധാനാധ്യാപകര്‍ കുട്ടികളുടെ അക്കൗണ്ട് നമ്പര്‍ ഡിഇ ഓഫിസിലേക്ക് എഴുതിയയക്കുന്നതില്‍ സംഭവിക്കുന്ന സാങ്കേതിക പിഴവുകളും കുട്ടികള്‍ക്കു ലഭിക്കേണ്ട നിയമപരമായ ആനുകൂല്യങ്ങള്‍ തടയുന്നതിന് ഇടയാക്കുന്നുണ്ട്. കോട്ടയം പൊയില്‍ പഞ്ചായത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നത്തെ തുടര്‍ന്നു രക്ഷിതാക്കള്‍ അധികൃതരെ സമീപിച്ചിരുന്നു. അതിനാല്‍, സ്‌കൂള്‍തലത്തില്‍ ഇത്തരം കുട്ടികള്‍ക്ക് പ്രതിമാസ ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ മോണിറ്ററിങ് സംവിധാനം ഉണ്ടാവണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it