ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ഫണ്ട്; പഞ്ചായത്തുകള്‍ വീഴ്ചവരുത്തുന്നു

സ്വന്തം പ്രതിനിധി

കോഴിക്കോട്: മനോവൈകല്യമുള്ള കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് തുക വകയിരുത്തുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ വീഴ്ച്ചവരുത്തുന്നതായി ആക്ഷേപം. പഠന ആവശ്യങ്ങള്‍ക്കായി ഭിന്നശേഷിയുള്ള ഓരോകുട്ടിക്കും പ്രതിവര്‍ഷം നല്‍കേണ്ട 19,200 രൂപയാണ് ഭൂരിപക്ഷം പഞ്ചായത്തുകളും അനുവദിക്കാതിരിക്കുന്നത്. തുകയുടെ 50 ശതമാനം ഗ്രാമപ്പഞ്ചായത്തും 25 ശതമാനം ബ്ലോക്ക് പഞ്ചായത്തും 25 ശതമാനം ജില്ലാ പഞ്ചായത്തുമാണു വഹിക്കേണ്ടത്. കൂടാതെ ഭിന്നശേഷിയുള്ളവര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കണമെന്ന് 2014ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

ഇതും അട്ടിമറിക്കപ്പെടുകയാണ്. ജയരാജന്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ എട്ടു ലക്ഷം പേര്‍ മനോവൈകല്യമുള്ളവരാണെന്നു കണ്ടെത്തിയിരുന്നു. മനോവൈകല്യമുള്ള കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളെക്കുറിച്ചുള്ള അജ്ഞതയും ഫണ്ട് കൊടുക്കാതിരിക്കാന്‍ കാരണമാവുന്നതായി മനോവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ പറയുന്നു.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം എന്നീ അവസ്ഥയുള്ളവര്‍ക്കാണ് ഫണ്ട് അനുവദിക്കുക. സ്‌കോളര്‍ഷിപ്പ് തുക പഠനോപകരണം വാങ്ങല്‍, യാത്രച്ചെലവ് തുടങ്ങിയവയ്ക്കു വേണ്ടിയാണ് വിനിയോഗിക്കേണ്ടത്. ഫണ്ട് ലഭിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടി വകുപ്പുതലത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടി ഉണ്ടായിട്ടില്ല. 1995ലെ പേഴ്‌സണ്‍ വിത്ത് ഡിസെബിലിറ്റി ആക്ടില്‍ മനോവൈകല്യമുള്ള കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എടുത്തുപറയുമ്പോഴും ഈ കുട്ടികളെ തഴയുന്ന നിലപാടാണ് ഉള്ളത്. വികലാംഗ പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, ഇന്‍കം ടാക്‌സിലെ ഇളവ്, റോഡ് ടാക്‌സ് ഇളവ് തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കുണ്ട്.

18 വയസ്സുവരെയുള്ള കുട്ടികളെ മാത്രമാണ് ബഡ്‌സ് സ്‌കൂളുകളില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്നുള്ള ഇവരുടെ പുനരധിവാസമെന്ന പ്രധാന പ്രശ്‌നം പരിഹരിക്കുന്നതിനായി ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതിയുണ്ടായിരുന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക കഴിവുകള്‍ കണ്ടെത്തി പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതിനായി തുക നീക്കിവയ്ക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടും ത്രിതല പഞ്ചായത്തുകള്‍ തുക നീക്കിവച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it