wayanad local

ഭിന്നശേഷിക്കാരനായ ജീവനക്കാരന്റെ സ്ഥലംമാറ്റം; മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നടപ്പാക്കിയില്ല

കല്‍പ്പറ്റ: ഭിന്നശേഷിക്കാരനും റിട്ടയര്‍മെന്റ് കാലാവധി അടുത്തതുമായ ജീവനക്കാരന്റെ സ്ഥലംമാറ്റം സംബന്ധിച്ച സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം കൃഷിവകുപ്പിലെ ഉന്നതോദ്യോഗസ്ഥന്‍ കാറ്റില്‍പ്പറത്തി. കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് സി ഒ ബേബിക്ക് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിലേക്ക് സ്ഥലംമാറ്റം നല്‍കണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റെ നിര്‍ദേശമാണ് കൃഷിവകുപ്പിലെ ഉന്നതര്‍ അട്ടിമറിച്ചത്. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം അവഗണിച്ച കൃഷിവകുപ്പ് അധികൃതര്‍ റിട്ടയര്‍മെന്റ് കാലാവധിയായ മെയ് 31 വരെ ബേബി ആത്മ പ്രൊജക്റ്റ് ഓഫിസില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ സേവനം തുടരേണ്ട  വിധത്തില്‍ ഉത്തരവും ഇറക്കി.
50 ശതമാനം ശാരീരിക വൈകല്യമുള്ള ബേബി 2001ലാണ് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചത്. 2002ല്‍ സുല്‍ത്താന്‍ ബത്തേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലേക്ക് മാറിയ അദ്ദേഹം 2008 പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ തിരികെയെത്തി. 2016ല്‍ ഒമ്പതു ജീവനക്കാരുടെ ഓഫിസ് സെക്ഷന്‍ മാറ്റം നടത്തിയ കൂട്ടത്തില്‍ ബേബിയെ കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലേക്ക് നീക്കി. ഇതേത്തുടര്‍ന്ന് ബേബി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം.
കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള ഓഫിസില്‍ പടികള്‍ കയറിയെത്താന്‍ പ്രയാസപ്പെടുകയാണെന്നും മേലധികാരികള്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും വിവരിച്ചായിരുന്നു പരാതി. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ 2018 ഫെബ്രുവരി ഒന്നിലെ നിര്‍ദേശമനുസരിച്ചാണ് ബേബിയെ കല്‍പ്പറ്റ ആത്മ പ്രൊജക്റ്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ഒരു മാസത്തേക്ക് മാറ്റി നിയമിച്ചത്. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസിനോടു ചേര്‍ന്നാണ് ആത്മ പ്രൊജക്റ്റ് ഓഫിസ്. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ മാര്‍ച്ച് 28ലെ ഉത്തരവനുസരിച്ച് വര്‍ക്കിങ് അറേഞ്ച്‌മെന്റ് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചു. ഇതിനു പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ കാര്യാലയത്തില്‍ ലഭിച്ചത്.
ഇത് നടപ്പാക്കുന്നതിനു പകരം ബേബിയുടെ വര്‍ക്കിങ് അറേഞ്ച്‌മെന്റ് റിട്ടയര്‍മെന്റ് കാലാവധി വരെ ദീര്‍ഘിപ്പിച്ച് മെയ് 17നു പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഉത്തരവിറക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ ക്ലാര്‍ക്കിന്റെ ഒഴിവില്ലാത്തതിനാലും ആത്മ പ്രൊജക്റ്റ് ഡയറക്ടറുടെ ഓഫിസ് തൊട്ടടുത്തായതിനാലും വര്‍ക്കിങ് അറേഞ്ച്‌മെന്റ് ബേബിയുടെ റിട്ടയര്‍മെന്റ് കാലാവധി വരെ ദീര്‍ഘിപ്പിക്കുന്നതായാണ് ഉത്തരവില്‍ പറയുന്നത്.
Next Story

RELATED STORIES

Share it