Flash News

ഭിന്നലിംഗത്തില്‍പെട്ട വ്യക്തിക്ക് ജോലി നിഷേധിച്ച സംഭവം : കേന്ദ്രത്തിനും എയര്‍ ഇന്ത്യക്കും സുപ്രിംകോടതി നോട്ടീസ്



ന്യൂഡല്‍ഹി: ഭിന്നലിംഗത്തില്‍പെട്ട വ്യക്തിക്ക് ജോലി നിഷേധിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യക്കും സുപ്രിംകോടതി  നോട്ടീസയച്ചു. ജോലിക്കായുള്ള എയര്‍ ഇന്ത്യയുടെ അപേക്ഷാഫോമില്‍ മൂന്നാം ലിംഗവിഭാഗത്തില്‍പെട്ടവര്‍ക്ക് അവസരമില്ലാത്തതെന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. വിഷയത്തില്‍ രാണ്ടാഴ്ചയ്ക്കകം എയര്‍ ഇന്ത്യയും കേന്ദ്ര വ്യോമയാന മന്ത്രാലയവും മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ഷാനവി പൊന്നുസ്വാമി എന്നയാളുടെ ഹരജിയിലാണ് കോടതിയുടെ നടപടി. വിമാനത്തിലെ ജോലിക്കായി അപേക്ഷാഫോമില്‍ സ്ത്രീ എന്നു വ്യക്തമാക്കിയാണ് താന്‍ അപേക്ഷിച്ചതെന്നും എങ്കിലും തന്റെ അപേക്ഷ നിരസിക്കപ്പെട്ടെന്നും ഇതു ലിംഗവിവേചനമാണെന്നും ഹരജിയില്‍ അവര്‍ ചൂണ്ടിക്കാട്ടി.ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായ ഷാനവി എന്‍ജിനീയറിങ് ബിരുദധാരിയാണ്. ശസ്ത്രക്രിയയ്ക്കു മുമ്പ് ഷാനവി എയര്‍ ഇന്ത്യാ കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. ഇതിനിടെ വിമാന ജീവനക്കാരുടെ (കാബിന്‍ ക്രൂ) ഒഴിവിലേക്ക് അപേക്ഷിച്ചു. പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ചുരുക്കപ്പട്ടികയില്‍ തന്റെ പേരുണ്ടായില്ലെന്നും ഷാനവി ഹരജിയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച വിശദീകരണത്തിന് കാബിന്‍ ക്രൂ ജോലി സ്ത്രീകള്‍ക്കുള്ളതാണെന്നും ഭിന്നലിംഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉള്ളതല്ലെന്നുമാണ് മറുപടി ലഭിച്ചത്. പിന്നാലെ വ്യോമയാന മന്ത്രാലയത്തിലെത്തി എയര്‍ ഇന്ത്യാ സിഎംഡിയുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ലെന്നും ഹരജിയില്‍ പറയുന്നു. ഒരാള്‍ സ്ത്രീയൊ പുരുഷനൊ, ഇവ രണ്ടുമല്ലാത്ത ആളോ ആയാലും അവരുടെ ലിംഗസ്വത്വം നിയമപരമായി അംഗീകരിക്കണമെന്ന് 2014ല്‍ സുപ്രിംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it