ഭിക്ഷാടനം ഇല്ലാതാക്കാന്‍ കേന്ദ്ര പദ്ധതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം ഇല്ലാതാക്കുന്നതിന് സമഗ്ര പദ്ധതി നടപ്പാക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നു. ഭവനരഹിതര്‍ക്കും അഗതികള്‍ക്കും വീടും ഭക്ഷണവും വൈദ്യസഹായവും തൊഴില്‍ പരിശീലനവും നല്‍കാനുള്ള പദ്ധതിയാണ് സാമുഹികനീതി ശാക്തീകരണ മന്ത്രാലയം വിഭാവനം ചെയ്തത്. മുഖ്യധാരയില്‍ അന്തസ്സോടെ ജീവിക്കാന്‍ അഗതികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗതികളുടെും യാചകരുടെയും പ്രശ്‌നം അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നതാണെന്നും ഈ മേഘലയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി നിര്‍വഹണത്തിന്റെ കണക്കും സുതാര്യതയും ഉറപ്പുവരുത്താന്‍വേണ്ടി ഓരോ ഗുണഭോക്താവിന്റെയും വിവരങ്ങള്‍ അവരുടെ ആധാര്‍ നമ്പറുകളുമായി ബന്ധപ്പെടുത്തി സമയബന്ധിതമായി കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തിയ ദാരിദ്ര്യത്തെക്കുറിച്ചുള്ള പഠനത്തില്‍ ഇന്ത്യയില്‍ 340 ദശലക്ഷം അഗതികളുണ്ടെന്നാണ് കണ്ടെത്തിയത്. 2011ലെ കാനേഷുമാരിപ്രകാരം ഇന്ത്യയില്‍ യാചകരുടെയും അലഞ്ഞുതിരിയുന്നവരുടെയും എണ്ണം 4.13 ലക്ഷമാണ്. ഇതില്‍ 3.72 ലക്ഷം പേര്‍ തൊഴിലില്ലാത്തവരും 41,400 പേര്‍ ഭാഗികമായി തൊഴിലെടുക്കുന്നവരുമാണ്.
1992 മുതല്‍ 1998 വരെ സാമൂഹികനീതി മന്ത്രാലയം ഭിക്ഷാടനം നിയന്തിക്കുന്നതിനുവേണ്ടി പദ്ധതി നടപ്പാക്കിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ടതോടെ അത് നിലയ്ക്കുകയായിരുന്നു. നിലവിലുളള യാചക മന്ദിരങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയായിരുന്നു അത്. പുതിയ പദ്ധതിയില്‍ അഗതികള്‍ക്കും ഭവനരഹിതര്‍ക്കും വേണ്ടി സാര്‍ക്കാരുകള്‍ നേരിട്ട് നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങള്‍ക്ക് സാമ്പത്തികസഹായം ലഭിക്കും. കേന്ദ്രങ്ങളില്‍ തൊഴില്‍ പരിശീലനം നല്‍കുകയും ഗുണഭോക്താക്കളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കെത്തിക്കുകയും ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതികള്‍ യഥാസമയം അവലോകനം ചെയ്യാന്‍ സംസ്ഥാന ഉപദേശക സമിതിയോ ബോര്‍ഡോ രൂപീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it