palakkad local

ഭാഷ ലളിതമായിരിക്കണമെന്ന തത്ത്വം നവമാധ്യമങ്ങള്‍ തിരസ്‌കരിക്കുന്നു: ബി ആര്‍ പി ഭാസ്‌കര്‍

പാലക്കാട്: ഭാഷ ലളിതവും സാധാരണക്കാരന് പെട്ടെന്ന് മനസിലാകുന്നതുമായിരിക്കണമെന്ന അടിസ്ഥാനതത്വം നവമാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണെന്ന് പ്രമുഖ മാധ്യമനിരീക്ഷകനും സാമൂഹിക വിമര്‍ശകനുമായി ബി ആര്‍ പി ഭാസ്‌കര്‍.
പാലക്കാട് പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സഞ്ജയ് ചന്ദ്രശേഖറിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തനവും മാറുന്ന ഭാഷയും വിഷയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാനലുകളുടെ അതിപ്രസരവും മല്‍സരവും മൂലം വാര്‍ത്താസംബന്ധമായ പരിപാടികളില്‍പോലും ഇംഗ്ലീഷ്‌വല്‍ക്കരണം സംഭവിക്കുകയാണ്.
അത് മലയാള ഭാഷയേയും സംസ്‌കാരത്തേയും സ്വാധീനിക്കുകയും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുകയുമാണ് ചെയ്യുന്നത്. ടെലിവിഷന്‍ അവതാരകര്‍ ഉപയോഗിക്കുന്ന ഭാഷ മികച്ച രീതിയിലല്ലെങ്കിലത് സമൂഹത്തിലെ ഭാഷയേയും കീഴ് ദിശയിലേക്ക് നയിക്കും. വര്‍ത്തമാനകാലമാധ്യമങ്ങളില്‍ വാര്‍ത്തകളില്‍ അതിവൈകാരിക സംഭവിക്കുന്നത് തിരുത്തപ്പടേണ്ടതാണ്. സെന്‍സേഷനിസത്തിന്റെ പിറകേ പായുന്ന മാധ്യമങ്ങളില്‍ വരുന്ന ഭാഷ ശരിയായ രീതിയിലുള്ളതാണോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
ആശയ വ്യക്തതയാണ് നെടുംതൂണായ ഭാഷ കാലാനുസൃതമായും ആശയവിനിമയത്തിനനുസരിച്ചും അനുദിനം പരിഷ്‌ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഭാഷാമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും അതേപ്പറ്റി പരിശോധിക്കാനും വിലയിരുത്താനും ചിന്തിക്കാനും സമൂഹത്തിലെ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അതിന് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് പ്രസ് ക്ലബ് ഖജാഞ്ചി അരുണ്‍ശ്രീധര്‍ അധ്യക്ഷത വഹിച്ചു. റോയ് ഫിലിപ്പ് സഞ്ജയ് ചന്ദ്രശേഖര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി സി ആര്‍ ദിനേഷ്, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ എം ജലീല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it