Kollam Local

ഭാഷാ നൈപുണ്യം ഒരുക്കി ചവറയിലെ കൗശല്‍ കേന്ദ്ര

ചവറ: യുവ തലമുറയെ ഭാഷ- തൊഴില്‍ പരമായി ലോകോത്തര നിലവാരത്തിലേക്ക് സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ ചവറയില്‍ പ്രവര്‍ത്തനം ആരംഭിച്ച കൗശല്‍ കേന്ദ്ര ശ്രദ്ധേയമാവുന്നു. നിലവില്‍ ഇംഗ്ലീഷ് നൈപുണ്യ കോഴ്‌സ് മാത്രമാണ് ഉളളതെങ്കിലും ഫ്രഞ്ച്, ജര്‍മ്മന്‍ തുടങ്ങി വിദേശ ഭാഷകളുടെ പഠനവും ആരംഭിക്കാനുളള നീക്കത്തിലാണ് കേന്ദ്രം. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 585 പേരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്നത്. തൊഴില്‍ രംഗത്ത് ആവശ്യമായ പരിജ്ഞാനമുണ്ടെങ്കിലും ഭാഷാ രംഗത്തുളള കുറവ് പലപ്പോഴും അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാവാറുണ്ട്. ഇതിന് മാറ്റം വരുത്തി ആംഗലേയ ഭാഷയില്‍ വേണ്ടത്ര പരിജ്ഞാനമുണ്ടാക്കാന്‍ ഇവിടുത്തെ 60 മണിക്കൂര്‍ ക്ലാസ് കൊണ്ട് കഴിയും. പ്രായ വ്യത്യാസം ഇല്ലാതെ ഇവിടെ പഠിതാവാകാം. ആഴ്ചയില്‍ മൂന്ന് ദിവസം രണ്ട് മണിക്കൂറാണ് ക്ലാസ് സമയം.100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി അംഗത്വം എടുക്കുന്നതോടെ പാസ് വേഡ്, ഐ ഡി എന്നിവ ലഭിക്കും. പഠനത്തോടൊപ്പം വിദ്യാഭ്യാസ പരമായ ഏത് വിഷയത്തെ ക്കുറിച്ചും തത് സമയം മറുപടി ലഭിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലുളള ലൈബ്രറിയുമായി കൗശല്‍ കേന്ദ്ര ബന്ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്തെ സംശയങ്ങള്‍ക്കും മറ്റും ഡിജിറ്റല്‍ ലൈബ്രറിയിലൂടെ ഇ- ബുക്കായിട്ടായിരിക്കും മറുപടി ലഭിക്കുക. ഭാരതത്തില്‍ ആദ്യമായി നൈപുണ്യ വ്യക്തി വികസനത്തിന് പ്രധാന്യം നല്‍കി അറിവും തൊഴിലും നേടാനുളള ഭാരതത്തിലെ തന്നെ ആദ്യ സംരംഭമാണ് ഈ സ്ഥാപനം. ഇംഗ്ലീഷിന് ബിഗിനേഴ്‌സ് കമ്മ്യൂനിക്കേഷന്‍ കോഴ്‌സ്, ഇന്റര്‍ മീഡിയേറ്റ് കമ്മ്യൂനിക്കേഷന്‍ കോഴ്‌സ് കോഴ്‌സ്, അഡ്വാന്‍സ് കമ്മ്യൂനിക്കേഷന്‍ കോഴ്‌സ് എന്നിവയിലൂടെ ഇംഗ്ലീഷില്‍ നന്നായി ആശയ വിനിമയം നടത്താന്‍ ഇവിടെ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നുണ്ട്. ഇവിടെ പഠിക്കാന്‍ എത്തുന്നവരുടെ താല്‍പര്യം കണക്കിലെടുത്ത് സാമൂഹിക സാമ്പത്തിക ചുറ്റുപാടുകള്‍ വിലയിരുത്തി വിദഗ്ധരുടെ സഹായത്തോടു കൂടി ഏറ്റവും അനുയോജ്യ മായ തരത്തിലുളള തൊഴില്‍ നേടാന്‍ മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്നുണ്ട്. ഇവിടുത്തെ ആധുനിക സൗകര്യങ്ങളോടു കൂടിയ ലൈബ്രറിയിലൂടെ പഠിതാക്കള്‍ക്ക് ആധികാരികമായ അറിവുകള്‍ നേടാന്‍ കഴിയുന്നു. നാഷണല്‍ സ്‌കില്‍സ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ അംഗീകരിച്ചിട്ടുളള സ്ഥാപനങ്ങളുടെ സഹകരണത്തോടെ വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ തൊഴിലധിഷ്ഠിത പരിശീലനവും ഇതോടൊപ്പം കൗശല്‍ കേന്ദ്രയില്‍ നല്‍കുന്നു. അറിവിന്റെ കേന്ദ്രമായ കൗശല്‍ കേന്ദ്ര ചവറയിലെ കരിം ആര്‍ക്കേഡ് ബില്‍ഡിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. തിങ്കള്‍ ഒഴികെ ബാക്കി ദിവസങ്ങളില്‍ ഏഴ് മുതല്‍ രാത്രി എട്ട് വരെ അറിവിന്റെ കേദാരമായി കൗശല്‍ കേന്ദ്ര ചവറക്ക് ഒരു തിലക കുറി ആയി മാറിയിരിക്കുന്ന ഇവിടെ ജോസ് ഗ്രിഗറിയുടെ മേല്‍ നോട്ടത്തിലാണ് ക്ലാസുകള്‍ നടക്കുന്നത്. കൗശല്‍ കേന്ദ്രയുടെ ഈ ഫോണ്‍ നമ്പറില്‍ 0476-2682268 ബന്ധപ്പെടുന്ന ആര്‍ക്കും അറിവിന്റെ വിശാലമായ ലോകത്തില്‍ എത്താം.
Next Story

RELATED STORIES

Share it