Flash News

'ഭാഷാഭിമാനം സാമൂഹിക വികസനത്തിന്റെ അടിത്തറ'



തിരൂര്‍: സുസ്ഥിരതയും അന്തസ്സത്തയുമുള്ള സമൂഹമായി മാറാന്‍ ഭാഷാപരമായ അഭിമാനം അനിവാര്യമാണെന്നും ഭാഷാഭിമാനമുള്ള ജനതയ്ക്കു മാത്രമേ സാമ്പത്തികമായും സാമൂഹികമായും മുന്നേറാന്‍ കഴിയുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഭാഷാഭിമാനം മലയാളത്തെയും മലയാളക്കരയെയും വളര്‍ത്താനുള്ള ഇന്ധനമായി മാറണം. ഇതാണ് കേരളം ആഗ്രഹിക്കുന്ന സാമൂഹിക വികസനത്തിന്റെ ഭാഷാപരമായ അടിത്തറയെന്നും മലയാള സര്‍വകലാശാലയില്‍ മലയാളപാഠംകര്‍മപദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.  ഭാഷ പഠിക്കുക മലയാളിയുടെ മൗലികാവകാശമാണ്. ആ അവകാശം നിഷേധിക്കാന്‍ കഴിയില്ല. ഈ ബോധ്യത്തില്‍ നിന്നാണ് തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടുകൂടി മലയാളഭാഷാ ബില്ല് നിയമസഭ അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സി മമ്മൂട്ടി എംഎല്‍യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ സര്‍വകലാശാല പുനപ്രസിദ്ധീകരണം നടത്തിയ കേരളം, പ്രാചീനസുധ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കഥാകൃത്ത് സി രാധാകൃഷ്ണന്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.  ഡോ. സി ഗണേഷ്, ഡോ. അശോക് ഡിക്രൂസ്, കെ ജയകുമാര്‍, ഡോ. എം ശ്രീനാഥന്‍, ജില്ലാകലക്ടര്‍ അമിത്മീണ, രജിസ്ട്രാര്‍ ഡോ. കെ എം ഭരതന്‍, എ പി ഉണ്ണികൃഷ്ണന്‍,  അഡ്വ. എസ് ഗിരീഷ്, ആര്‍ കെ ഹഫ്‌സത്ത്, മെഹറുന്നീസ, സുജിത്ത് സംസാരിച്ചു.  മലയാളം ഭാഷാകേളി എന്ന ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്ത ഗവേഷണ വിദ്യാര്‍ഥിനി ഐശ്വര്യയെ ചടങ്ങില്‍ അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it