kannur local

ഭാഷാധ്യാപക തസ്തിക നിര്‍ത്തലാക്കി; കീഴല്ലൂര്‍ സ്‌കൂളില്‍ വിവാദം



ഇരിക്കൂര്‍: ഭാഷാധ്യാപകരുടെ രണ്ട് തസ്്തികകള്‍ നിര്‍ത്തലാക്കിയ സംഭവം പ്രതിഷേധത്തിനും പ്രക്ഷോഭങ്ങള്‍ക്കും വഴിവയ്ക്കുന്നു. 20 വര്‍ഷത്തിലധികമായി ജോലി ചെയ്തുവരുന്ന സംസ്‌കൃതം, ഉറുദു ഫുള്‍ടൈം അധ്യാപകരുടെ തസ്തികകളാണ് പ്രധാനാധ്യാപകന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇല്ലാതായത്. ഓരോ പുതിയ അധ്യയന വര്‍ഷാരംഭത്തിലെ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ കണക്കനുസരിച്ചാണ് ഓരോ വിദ്യാലയങ്ങളിലേക്കും ആവശ്യമുള്ള അധ്യാപക തസ്്തികകള്‍ വിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്നത്. 10 വര്‍ഷം മുമ്പ് വരെ ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ കണക്കിനു പുറമെ ജൂലൈ 15 വരെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി തലയെണ്ണിയാണു തസ്്തിക അനുവദിച്ചിരുന്നത്. ആദ്യകാലത്ത് എല്‍പി, യുപിതലങ്ങളില്‍ എഇഒയും ഹൈസ്‌കൂളുകളില്‍ ഡിഇഒയും ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഡിഡിഇയുമാണു തലയെണ്ണിയിരുന്നത്. പിന്നീട് അത് മാറ്റി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ സംസ്ഥാനത്ത് ഒറ്റ ദിവസം തലയെണ്ണല്‍ സമ്പ്രദായമാക്കി മാറ്റി. എന്നാല്‍ അടുത്ത കാലത്ത് അതും മാറ്റി പ്രധാനാധ്യാപകന്‍ നല്‍കുന്ന കണക്കിന്റെ അടിസ്ഥാനത്തില്‍ അധ്യാപക തസ്്തിക നിര്‍ണയം നടപ്പാക്കി. ഇപ്പോള്‍ ഓരോ കുട്ടിയുടെയും ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും ആധാറും നിര്‍ബന്ധമാണ്. ഭാഷ പഠിക്കുന്നവര്‍ക്ക് അപേക്ഷ ഫോറത്തില്‍ തന്നെ ഡിക്ലറേഷന്‍ ഒപ്പിട്ട് നല്‍കണം. എന്നാല്‍ മട്ടന്നൂര്‍ ഉപജില്ലയിലെ കീഴല്ലൂര്‍ യിപി സ്‌കൂളില്‍ രക്ഷിതാക്കള്‍ തന്റെ കുട്ടി പഠിക്കേണ്ട ഒന്നാം ഭാഷയുടെ ഡിക്ലറേഷന്‍ ഫോമില്‍ മാറ്റം വരുത്തിയാണ് 37 ഉം 32ഉം വര്‍ഷമായി നിലവിലുള്ള തസ്്തികകല്‍ ഒറ്റയടിക്ക് നിര്‍ത്തലാക്കിയത്. ഇതോടെ ജൂലൈ 15 മുതല്‍ ഈ സ്‌കൂളില്‍ സംസ്‌കൃതം, ഉറുദു ഭാഷകളുടെ രണ്ട് ഫുള്‍ ടൈം തസ്്തികകള്‍ ഇല്ലാതാവും. അധ്യാപകരുമുണ്ടാവില്ല. കുട്ടികള്‍ക്ക് ഈ രണ്ട് ഭാഷകള്‍ ഒന്നാം ഭാഷയായി പഠിക്കാനും കഴിയില്ല. ഈ അധ്യയന വര്‍ഷം 6, 7 ക്ലാസുകളില്‍ ഉറുദുവും സംസ്‌കൃതവും പഠിക്കേണ്ട കുട്ടികള്‍ക്ക് അവസരം നഷ്ടമാവും. കീഴല്ലൂര്‍ യുപി സ്‌കൂളില്‍ നിലവിലുള്ള രണ്ട് ഭാഷാധ്യാപക തസ്്തികകള്‍ നിര്‍ത്തലാക്കിയ സംഭവം തര്‍ക്കമായതോടെ കഴിഞ്ഞ ദിവസം രക്ഷിതാക്കളും അധ്യാപക സംഘടനാ പ്രതിനിധികളും മട്ടന്നൂര്‍ എഇഒ അംബിക, സ്‌കൂള്‍ മാനേജര്‍ പി രാമചന്ദ്രന്‍, പിടിഎ ഭാരവാഹികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്‌കൂളിലെത്തിയിരുന്നു. പിടിഎയും രക്ഷിതാക്കളും സ്‌കൂള്‍ പ്രവൃത്തിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ വെള്ളിയാഴ്ച അധ്യയനവും മുടങ്ങി. പകരം മറ്റൊരു ശനിയാഴ്ച ക്ലാസെടുക്കാമെന്നാണ് തീരുമാനിച്ചത്. എഇഒയും മാനേജരും രക്ഷിതാക്കളും പിടിഎ ഭാരവാഹികളുമായി വിശദമായ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. ആറാം പ്രവൃത്തി ദിവസത്തെ റിപോര്‍ട്ട് നേരത്തേ ഓണ്‍ലൈനായി എഇഒ മുഖേന തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. രക്ഷിതാക്കള്‍ നല്‍കിയ ഡിക്ലറേഷന്‍ പ്രകാരം തസ്്തിക അനുവദിക്കുന്നത് വരെ സമരമാര്‍ഗങ്ങളുമായി മുന്നോട്ടുപോവാനാണ് അധ്യാപക സംഘടനകളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും തീരുമാനം.
Next Story

RELATED STORIES

Share it