Middlepiece

ഭാവിയെക്കുറിച്ച് ചില കാല്‍പ്പനിക ചിന്തകള്‍

അമൃത

ഭാവിയെസ്സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ മനുഷ്യര്‍ക്കു സഹജമാണ്. ഫ്യൂച്ചറോളജി എന്നൊരു പഠനശാഖ തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. സമീപകാലത്ത് ബെസ്റ്റ് സെല്ലറായ പുസ്തകങ്ങളിലൊന്ന് 2050ലെ ലോകത്തെ സംബന്ധിച്ച ഒരു പഠനഗ്രന്ഥമായിരുന്നു. നിലവിലുള്ള ശാസ്ത്ര സാങ്കേതിക പുരോഗതിയും സമൂഹഘടനയും ഒക്കെ വിലയിരുത്തി അടുത്ത പതിറ്റാണ്ടുകളില്‍ എങ്ങനെയാണ് അതു പരിണമിക്കുക എന്നാണ് ഫ്യൂച്ചറോളജി പ്രധാനമായും പഠനവിധേയമാക്കുന്നത്. ഒരു നൂറ്റാണ്ടിലധികം മുമ്പ് ഫ്രാന്‍സിലെ ചില കലാകാരന്‍മാര്‍ 2000മാണ്ടിലെ ജീവിതത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ ചിത്രങ്ങളായി രേഖപ്പെടുത്താന്‍ തുടങ്ങി.

1899, 1900, 1901, 1910 വര്‍ഷങ്ങളിലായി ഡസന്‍കണക്കിനു ചിത്രങ്ങളാണ് ഇങ്ങനെ വരയ്ക്കപ്പെട്ടത്. ഫ്രഞ്ച് കലാകാരന്‍ ഷോണ്‍ മാര്‍ക് കോട്ടെയും സുഹൃത്തുക്കളുമാണ് പാരിസില്‍ ഈ പ്രവചനപ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത്. 1900ല്‍ പാരിസില്‍ നടന്ന ലോക എക്‌സിബിഷന്റെ ഭാഗമായാണ് ഈ ചിത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചത്. പിന്നീട് സിഗരറ്റ്കൂടുകളില്‍ ഈ ചിത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. പാരിസില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സചിത്ര കാര്‍ഡുകളായും ഇവ വന്‍ പ്രചാരം നേടി. കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ പോസ്റ്റ് പത്രം ഈ ചിത്രങ്ങളില്‍ പലതും പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.

നമ്മുടെ സമകാല ജീവിതവുമായി തട്ടിച്ചുനോക്കുമ്പോള്‍ ശാസ്ത്ര സാങ്കേതികരംഗത്തെ പുരോഗതി വലിയൊരളവുവരെ കൃത്യമായി സങ്കല്‍പ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു എന്നത് രസകരമാണ്. അക്കാലത്ത് ലോകരുടെ ചിന്തയെ ആകര്‍ഷിച്ച വായുവിലൂടെയുള്ള വാഹനങ്ങളാണ് കലാകാരന്മാര്‍ ആവിഷ്‌കരിച്ച ഭാവിസമൂഹത്തിലെ മുഖ്യഘടകം. ഇന്നത്തെ ഹെലികോപ്റ്റര്‍ പോലുള്ള വാഹനങ്ങളാണ് കാര്‍ഡുകളില്‍ കാണുന്നത്. അന്നു സാധാരണമായിരുന്ന സൈക്കിള്‍ പോലെ രണ്ടായിരാമാണ്ടില്‍ ഫ്രാന്‍സില്‍ വ്യക്തികള്‍ ചിറകുള്ള വാഹനങ്ങളില്‍ സഞ്ചരിക്കുമെന്നും അവര്‍ സങ്കല്‍പ്പിച്ചിരുന്നു.

ചിറകുള്ള വാഹനത്തില്‍ തപാല്‍ക്കാരനും പാല്‍ക്കാരനും തങ്ങളുടെ ജോലികള്‍ നിര്‍വഹിക്കുന്നതും ആകാശത്ത് ഇങ്ങനെ പറക്കും സൈക്കിളുകള്‍ തിങ്ങിനിറഞ്ഞ് ട്രാഫിക് ജാം ഉണ്ടായപ്പോള്‍ പറക്കും പോലിസുകാരന്‍ ഇടപെടുന്നതും കലാകാരന്‍മാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.പലവിധ യന്ത്രോപകരണങ്ങളാണ് അവര്‍ സങ്കല്‍പ്പിച്ച മറ്റൊരു പ്രധാന ഇനം. മുറി തുടച്ചു വൃത്തിയാക്കുന്ന യന്ത്രം ആധുനികകാലത്തെ വാക്വം ക്ലീനറിന്റെ പ്രവൃത്തിയാണ് ചെയ്യുന്നത്. എന്നാല്‍, കുളിമുറിയില്‍ ഇരിക്കുന്ന പെണ്‍കിടാവിനു മുഖം മിനുക്കിക്കൊടുക്കുകയും മുടി ചീകിക്കൊടുക്കുകയും ഉടുപ്പിടുവിക്കുകയും ചെയ്യുന്ന യന്ത്രസഖി ഇന്നുവരെ പ്രയോഗതലത്തില്‍ വന്നിട്ടില്ലെന്നതാണ് സത്യം.

ഫാഷന്‍ രംഗത്ത് യന്ത്രവല്‍ക്കരണം വന്നെങ്കിലും മനുഷ്യരുടെ കൃതഹസ്തത തന്നെയാണ് അവിടെ ഇന്നും മേല്‍ക്കൈ നേടിയിരിക്കുന്നത്. മനുഷ്യര്‍ കടലിനടിയില്‍ സാമ്രാജ്യം സ്ഥാപിക്കുമെന്ന് കലാകാരന്‍മാര്‍ സങ്കല്‍പ്പിച്ചു. ഓക്‌സിജന്‍ കിറ്റുകളുമായി സമുദ്രാന്തര്‍ഭാഗത്ത് സഞ്ചരിക്കുന്ന ആളുകള്‍ സ്രാവുകളെയും ഡോള്‍ഫിനുകളെയും ഉപയോഗിച്ചു കളികളില്‍ ഏര്‍പ്പെടുന്നതും ചിലര്‍ കടല്‍ക്കുതിരയെ ഉപയോഗിച്ചു സവാരി നടത്തുന്നതുമൊക്കെ അവര്‍ ചിത്രീകരിക്കുകയുണ്ടായി. നാഷനല്‍ ജ്യോഗ്രഫികിന്റെ സമുദ്രാന്തര്‍ഭാഗത്തു നിന്നുള്ള ചിത്രങ്ങളില്‍ കാണുന്ന പലതും ഒരു നൂറ്റാണ്ടു മുമ്പ് കലാകാരന്മാര്‍ സങ്കല്‍പ്പിച്ച പോലെത്തന്നെയാണ്. വേറെ ഒരു ചിത്രം കടലിലെ ബസ്സാണ്.

ഇതില്‍ നിറയെ യാത്രക്കാരുണ്ട്. പക്ഷേ, ഇന്ധനം ആവശ്യമില്ല. കാരണം, പരിശീലനം സിദ്ധിച്ച ഒരു തിമിംഗലമാണ് അതിന്റെ എന്‍ജിന്‍. തിമിംഗലത്തിന്റെ ശരീരത്തോട് ബസ് ബന്ധിപ്പിച്ച് അതിന്റെ പിന്നാലെയാണ് ബസ് കടലില്‍ നീങ്ങുന്നത്. കൃഷിയാണ് മറ്റൊരു മേഖല. യന്ത്രവല്‍കൃത കൃഷിയും യന്ത്രവല്‍കൃത കോഴിവളര്‍ത്തലും ഒക്കെ ചിത്രങ്ങളില്‍ വിവരിക്കുന്നുണ്ട്.

ചക്രങ്ങളില്‍ സഞ്ചരിക്കുന്ന വീടും ഇന്നത്തെ കാലത്ത് അദ്ഭുതമല്ല. പക്ഷേ, വിദ്യാലയ സങ്കല്‍പ്പം തെറ്റി. പുസ്തകങ്ങള്‍ ഒരു അരവുയന്ത്രം പോലുള്ള ഒന്നിലേക്കിട്ട് അതില്‍ നിന്നുള്ള വിവരങ്ങള്‍ ഹെഡ്‌ഫോണ്‍ വഴി കുട്ടികളുടെ തലയിലെത്തിക്കുന്ന വിദ്യയാണ് ചിത്രത്തില്‍. പുസ്തകങ്ങള്‍ വലിച്ചെറിയുന്ന പരിപാടി ഇപ്പോള്‍ ധാരാളം. ഹെഡ്‌ഫോണുകളും സര്‍വത്ര. പക്ഷേ, രണ്ടും ചേര്‍ന്നൊരു വിദ്യാഭ്യാസരീതി ഇനിയും നടപ്പായിട്ടുമില്ല.
Next Story

RELATED STORIES

Share it