Flash News

'ഭാര്യ വസ്തുവോ സ്വത്തോ അല്ല; കൂടെ താമസിക്കണമെന്ന് ഭര്‍ത്താവ് ശഠിക്കരുത്'

ന്യൂഡല്‍ഹി: ഭാര്യ വസ്തു വോ സ്വത്തോ അല്ലെന്നും അതിനാല്‍ അവര്‍ കൂടെ താമസിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രിംകോടതി. ക്രൂരത കാണിക്കുന്നുവെന്നാരോപിച്ച് ഭര്‍ത്താവിനെതിരേ ഭാര്യ നല്‍കിയ ക്രിമിനല്‍ക്കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഭര്‍ത്താവിന്റെ കൂടെ താമസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ഭാര്യ പറഞ്ഞത്. എന്നാല്‍, ഭാര്യ തന്നോടൊപ്പം താമസിക്കണമെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
അവള്‍ സ്ഥാവരജംഗമ വസ്തുവല്ല. നിങ്ങളോടൊത്ത് താമസിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അവളുമൊത്ത് താമസിക്കുമെന്ന് നിങ്ങള്‍ക്കെങ്ങനെ പറയാനാവും? ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഭര്‍ത്താവിനോടു ചോദിച്ചു.
ഭാര്യ ഇഷ്ടപ്പെടാത്ത സാഹചര്യത്തില്‍ അവരോടൊത്ത് താമസിക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കാന്‍ കോടതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. കോടതി പറഞ്ഞപ്രകാരം ചെയ്യാന്‍ തന്റെ കക്ഷിയെ പ്രേരിപ്പിക്കുമെന്ന് ഭര്‍ത്താവിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. ആഗസ്ത് 8ന് കേസില്‍ തുടര്‍വാദം കേ              ള്‍ക്കും.
വിവാഹമോചനമാണ് തന്റെ കക്ഷി ആവശ്യപ്പെടുന്നതെന്നും ജീവനാംശം ആവശ്യമില്ലെന്നും ഭാര്യയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ ഇരുവരും തമ്മിലുള്ള തര്‍ക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മധ്യസ്ഥത ഫലപ്രദമായില്ലെന്ന് പിന്നീട് കോടതിയെ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it