ഭാരവാഹിപ്പട്ടിക: ലീഗില്‍ ഭിന്നത

മലപ്പുറം: പുതിയ ഭാരവാഹി പട്ടികയെ ചൊല്ലി മുസ്്‌ലിംലീഗില്‍ വിവാദം. ഇരട്ടപ്പദവിയുടെ പേരില്‍ നിയമസഭാകക്ഷി നേതാവ് എം കെ മുനീറിനെ ഭാരവാഹിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തിയപ്പോള്‍ മൂന്ന് നിയമസഭാ അംഗങ്ങള്‍ക്ക് പദവി നല്‍കിയതാണു പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനു കാരണമായിരിക്കുന്നത്. മുസ്്‌ലിംലീഗ് ഭരണഘടനയനുസരിച്ചു സംസ്ഥാന ഭാരവാഹികളില്‍ ആരും തന്നെ പാര്‍ലമെന്ററി പദവികള്‍ വഹിക്കാന്‍ പാടില്ല. പത്തു വര്‍ഷമായി ഇക്കാര്യത്തില്‍ കൃത്യത പാലിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ ചട്ടത്തില്‍ ഇളവ് നല്‍കി കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയെ ജില്ലാ ഖജാഞ്ചിയാക്കി. ഇന്നലെ പ്രഖ്യാപിച്ച സംസ്ഥാന ഭാരവാഹി പട്ടികയില്‍ കെ എം ഷാജി, വി കെ ഇബ്രാഹിം കുഞ്ഞ്, എം കെ മുനീര്‍ എന്നിവര്‍ ശക്തമായ സമ്മര്‍ദ്ദമാണു പ്രയോഗിച്ചിരുന്നത്. ഇതില്‍ ഇബ്രാഹിം കുഞ്ഞ്, കെഎം ഷാജി, അഡ്വ. എന്‍ ഷംസുദ്ദീന്‍, പ്രഫ. ആബിദ് ഹുസയ്ന്‍ തങ്ങള്‍ എന്നീ നാല് എംഎല്‍എമാര്‍ക്ക് ഇരട്ടപ്പദവി പരിഗണിക്കാതെ സംസ്ഥാന സെക്രട്ടറി സ്ഥാനം നല്‍കിയിരുന്നു. എന്നാല്‍, എം കെ മുനീറിനെ തഴയുകയും ചെയ്തു. നിയമസഭാ കക്ഷി നേതാവെന്ന പരിഗണനയുള്ളതിനാല്‍ മുനീറിനു സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാമെങ്കിലും ഭാരവാഹിത്വം നല്‍കാത്തത് അപമാനമായി തന്നെയാണ് അദ്ദേഹവും കൂടെയുള്ളവരും കാണുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി മുനീര്‍ പാര്‍ട്ടി നേതൃത്വത്തെയും ഹൈദരലി തങ്ങളേയും അഖിലേന്ത്യാ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന ഭാരവാഹികളുടെ എണ്ണം 11 ആണ്. കഴിഞ്ഞ തവണ 13 ആയിരുന്നു. ഇത്തവണ അത് 27 ആയി ഉയര്‍ന്നു. ക്ഷണിതാക്കള്‍ അടക്കം ലീഗിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ 72 അംഗങ്ങളുണ്ടാവും. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരഗണിക്കേണ്ടി വന്നതാണ് ജംബോ കമ്മിറ്റിയായതെന്നാണു സൂചന.
Next Story

RELATED STORIES

Share it