Flash News

ഭാരത് ആശുപത്രി സമരം : നഴ്‌സുമാരെ തിരിച്ചെടുക്കും വരെ നിരാഹാരം തുടരും - യുഎന്‍എ



കോട്ടയം: ഭാരത് ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ട 58 നഴ്‌സുമാരെയും തിരിച്ചെടുക്കുന്നതു വരെ നിരാഹാര സമരം തുടരുമെന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍. പണത്തിന്റെ പിന്‍ബലമുപയോഗിച്ചു ജനാധിപത്യരീതിയില്‍ നടക്കുന്ന സമരത്തിനെതിരേ നുണപ്രചാരണം നടത്തുകയാണ് മാനേജ്‌മെന്റ്. തങ്ങളുടെ സമരത്തെ ജനങ്ങള്‍ ഏറ്റെടുത്തെന്നും സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ലേബര്‍ ഡിപാര്‍ട്ട്‌മെന്റ് വിളിച്ചുചേര്‍ത്ത ഒരു ചര്‍ച്ചയിലും മാനേജ്‌മെന്റ് പങ്കെടുത്തില്ല. അവസാനം ലേബര്‍ കമ്മീഷണര്‍ വിളിച്ച ചര്‍ച്ചയും മാനേജ്‌മെന്റ് ബഹിഷ്‌കരിച്ചു. ഭാരത് ആശുപത്രിയില്‍ നിയമാനുസൃതമായാണ് നഴ്‌സുമാരെ നിയമിക്കുന്നതും പിരിച്ചുവിടുന്നതുമെങ്കില്‍ മാനേജ്‌മെന്റുകള്‍ എന്തുകൊണ്ടാണ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നത്. ജില്ലാ ലേബര്‍ ഓഫിസര്‍ നടത്തിയ സിറ്റിങ്ങില്‍ ഭാരത് ആശുപത്രിയില്‍ 34 തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. കൂടാതെ, 20ല്‍ കൂടുതല്‍ പേരെ കരാര്‍ ജോലിക്കായി നിയമിക്കുമ്പോള്‍ ലേബര്‍ കോണ്‍ട്രാക്ട് ലൈസന്‍സ് ആശുപത്രി എടുത്തിട്ടില്ല. 100 രൂപയുടെ ബ്ലാങ്ക് മുദ്രപത്രത്തില്‍ ഒപ്പിടുവിച്ചാണ് നഴ്‌സുമാരെ ആശുപത്രിയില്‍ നിയമിക്കുന്നത്. ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ അവകാശസംരക്ഷണത്തിനായി സംഘടന രൂപീകരിച്ചുവെന്നതാണ് കൂട്ടപ്പിരിച്ചുവിടലിനു കാരണം.
Next Story

RELATED STORIES

Share it