Flash News

ഭാരത് ആശുപത്രി നഴ്‌സുമാരുടെ സമരം 86ാം ദിനത്തിലേക്ക്



കോട്ടയം: പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കുന്നതില്‍ മാനേജ്‌മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത സാഹചര്യത്തില്‍ ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം കൂടുതല്‍ സങ്കീര്‍ണമാവുന്നു. ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ട 60ഓളം നഴ്‌സുമാര്‍ കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നടത്തിവരുന്ന സമരം 86ാം ദിനത്തിലേക്കു കടക്കുകയാണ്. അതിനിടെ, പോലിസിന്റെ അറസ്റ്റിന് വഴങ്ങില്ലെന്നും അനിശ്ചിതകാല നിരാഹാര സമരം മരണം വരെ തുടരുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി, ഡിജിപി, ചീഫ് ജസ്റ്റിസ് (കേരള ഹൈക്കോടതി), ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കു നഴ്‌സ് കത്തയച്ചതാണു സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നത്. രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ഈ മാസം 24 മുതല്‍ നിരാഹാര സമരം തുടങ്ങിയ ജിപ്‌സി സന്ദീപാണ് കത്തയച്ചത്.  തന്റെ മരണത്തിന് ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളായ ഡോ. വിനോദും, സ്മിത വിശ്വനാഥനും, ജില്ലാ ഭരണകൂടവും, സമരത്തെ തിരിഞ്ഞുനോക്കാത്ത രാഷ്ട്രീയപ്പാര്‍ട്ടികളും ഉത്തരവാദികളാണെന്നു വ്യക്തമാക്കിയാണു കത്ത് അയച്ചിരിക്കുന്നത്. ആരോഗ്യനില മോശമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നു നിരാഹാരം കിടക്കുന്ന ജിപ്‌സിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റാന്‍ കഴിഞ്ഞദിവസം പോലിസ് ശ്രമം നടത്തിയിരുന്നു. എന്നാല്‍, മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നു പ്രഖ്യാപിച്ച ജിപ്‌സി പോലിസിന്റെ അറസ്റ്റിന് വഴങ്ങിയില്ല.  നഴ്‌സിന്റെ സമ്മതമില്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നു സമരസഹായ സമിതിയും മറ്റ് നഴ്‌സുമാരും നിലപാടെടുത്തതോടെ പോലിസ് പിന്‍വാങ്ങി. നാളിതുവരെ തങ്ങളുടെ സമരത്തെ ജില്ലാ ഭരണകൂടവും മാനേജ്‌മെന്റും അവഗണിക്കുകയാണെന്നും തന്റെ മരണം കൊണ്ട് ഇതിനൊരു പരിഹാരമുണ്ടാവാന്‍ വേണ്ടിയാണ് അറസ്റ്റിനും ആശുപത്രിയില്‍ പോവാനും തയ്യാറാവാത്തതെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് അയച്ച കത്തില്‍ ജിപ്‌സി വിശദീകരിക്കുന്നു. അതേസമയം, ഒത്തുതീര്‍പ്പിനു ജില്ലാ കലക്ടര്‍ ഇടപെട്ട് ആശുപത്രി മാനേജ്‌മെന്റുമായും നഴ്‌സുമാരുമായും വെവ്വേറെ ചര്‍ച്ചകള്‍ നടത്തിയെങ്കിലും യാതൊരു പരിഹാരവുമായിട്ടില്ല. അതുകൊണ്ടു തന്നെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവാനാണു നഴ്‌സുമാരുടെ തീരുമാനം.
Next Story

RELATED STORIES

Share it