Kottayam Local

ഭാരത് ആശുപത്രി നഴ്‌സുമാരുടെ സമരം 61ാം ദിവസത്തിലേക്ക്



കോട്ടയം: മാനേജ്‌മെന്റ് പിരിച്ചുവിട്ട നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നും മനുഷ്യാവകാശങ്ങളും തൊഴില്‍ ചൂഷണങ്ങളും അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം 61ാം ദിവസത്തിലേക്ക് കടന്നു. നഴ്‌സുമാരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന്് മാനേജ്‌മെന്റുകള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഹൈക്കോടതി നടത്തുന്ന മധ്യസ്ഥശ്രമങ്ങളും പാളുകയാണ്. കരാര്‍ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പിരിച്ചുവിട്ട ഏഴ് നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ആരംഭിച്ചത്. എന്നാല്‍, ഇവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ നഴ്‌സുമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ മാനേജ്‌മെന്റ് നഴ്‌സുമാര്‍ക്കെതിരേ പ്രതികാര നടപടികള്‍ ആരംഭിക്കുകയായിരുന്നു. 19 നഴ്‌സുമാരെയാണ് കരാര്‍ കാലാവധി കഴിഞ്ഞെന്ന വാദം നിരത്തി പിരിച്ചുവിട്ടത്. തുടര്‍ന്നാണ് നഴ്‌സുമാര്‍ സംഘടിച്ച് ഭാരത് ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. സമരത്തിനുനേരെ പോലിസ് ലാത്തിവീശിയതിനെത്തുടര്‍ന്ന് നിരവധി നഴ്‌സുമാര്‍ക്ക് പരിക്കേല്‍ക്കുകയും 39 ഓളം പേരെ അറസ്റ്റുചെയ്ത് കേസെടുത്തശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ആശുപത്രിക്ക് 300 മീറ്ററിനുള്ളില്‍ സമരം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് സമരം തിരുനക്കര പഴയ പോലിസ് സ്റ്റേഷന്‍ മൈതാനത്തിന് സമീപത്തെ പന്തലിലേക്ക് മാറ്റിയത്. 60 ഓളം നഴ്‌സുമാരാണ് സഹപ്രവര്‍ത്തകര്‍ക്ക് നീതിലഭിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തില്‍ അണിചേര്‍ന്നത്. എന്നാല്‍, സമരം ചെയ്യുന്ന മുഴുവന്‍ നഴ്‌സുമാരെയും പിരിച്ചുവിട്ടതായി കഴിഞ്ഞദിവസം മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയായിരുന്നു. ആശുപത്രിക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചവരെ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. ഹൈക്കോടതി നടത്തിയ മധ്യസ്ഥചര്‍ച്ചയിലും മാനേജ്‌മെന്റ് ഈ നിലപാട് ആവര്‍ത്തിച്ചു. ഇന്നലെയും ഹൈക്കോടതി നിയോഗിച്ച സമിതി മധ്യസ്ഥചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റ് യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ചെറുരാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരപ്പന്തലില്‍ എത്തുന്നുണ്ട്. എന്നാല്‍, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതുവരെയായും സമരപ്പന്തല്‍ സന്ദര്‍ശിക്കുകയോ തങ്ങളെ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് നഴ്‌സുമാര്‍ പറയുന്നു. ആശുപത്രി മാനേജ്‌മെന്റിനെ പിന്തുണച്ചാണ് എംഎല്‍എ സംസാരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 170ലധികം നഴ്‌സുമാരാണ് ഭാരത് ആശുപത്രിയില്‍ ജോലിനോക്കിയിരുന്നത്. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്‌സുമാര്‍ സമരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ പലതരത്തിലുള്ള ഭീഷണികള്‍ മാനേജ്‌മെന്റ് നടത്തുന്നതായാണ് സമരത്തില്‍ പങ്കെടുക്കുന്ന നഴ്‌സുമാര്‍ ആരോപിക്കുന്നത്. നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നതിന് പുറമെ കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക, ഡ്യൂട്ടി സമയത്ത് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക, മാനേജ്‌മെന്റ് ഒപ്പിട്ടുവാങ്ങിയ ബ്ലാക്ക് മുദ്രപ്പത്രം തിരികെ നല്‍കുക, അര്‍ധരാത്രിയിലവസാനിക്കുന്ന ഡ്യൂട്ടിസമയം പരിഷ്‌കരിക്കുക, ഷിഫ്റ്റ് സമ്പ്രദായം പരിഷ്‌കരിക്കുക, അടിക്കടിയുള്ള ഷഫളിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്.
Next Story

RELATED STORIES

Share it