ഭാരതീയ ചികില്‍സാ സമ്പ്രദായംമികവിന്റെ കേന്ദ്രങ്ങളാക്കാന്‍ 17.82 കോടി

തിരുവനന്തപുരം: ഭാരതീയ ചികില്‍സാ സമ്പ്രദായത്തിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി 17,82,30,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഭാരതീയ ചികില്‍സാ വകുപ്പിനു കീഴിലുള്ള എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ആരോഗ്യ വിവരശേഖര പരിപാലന സംവിധാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് 40 ലക്ഷം രൂപ അനുവദിച്ചത്.
കണ്ണൂര്‍ പാട്യം ആയുര്‍വേദ ആശുപത്രി കെട്ടിടം, കണ്ണൂര്‍ പായം ആശുപത്രി കെട്ടിടം, വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ വികസനം, വര്‍ക്കല പ്രകൃതി ചികില്‍സാ ആശുപത്രിയുടെ വികസനം, കണ്ണൂര്‍ മട്ടന്നൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മാണത്തിന്റെ അവസാനഘട്ടം, പത്തനംതിട്ട അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ കെട്ടിടം, ആലപ്പുഴ ചെങ്ങന്നൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിടം, കൊല്ലം ഐവര്‍കാല ഗവ. ആയുര്‍വേദ ആശുപത്രി ഐപി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍, പാലോട് ഗവ. ആയുര്‍വേദ ആശുപത്രിയുടെ ജനറല്‍ വാര്‍ഡും എക്സ്റ്റന്‍ഷന്‍ ബ്ലോക്കും നിര്‍മിക്കുക എന്നിവയ്ക്കാണ് ഈ തുക അനുവദിച്ചത്.
ഭാരതീയ ചികില്‍സാ സ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികള്‍ക്കും ഡിസ്‌പെന്‍സറികള്‍ക്കും മരുന്നു വാങ്ങാനാണ് 1.6950 കോടി രൂപ അനുവദിച്ചത്. നിലവാരം ഉയര്‍ത്തുന്നതിന്റെയും ആധുനികവല്‍ക്കരണത്തിന്റെയും ഭാഗമായി 2.78 കോടി രൂപ അനുവദിച്ചു.
പകര്‍ച്ചവ്യാധികളും പ്രകൃതിദുരന്തവും തടയാനായി മരുന്ന്, മെഡിക്കല്‍ കിറ്റ് എന്നിവ വാങ്ങാന്‍, മെഡിക്കല്‍ ക്യാംപ്, ബോധവല്‍ക്കരണം, അടിയന്തര വൈദ്യസഹായം തുടങ്ങിയവയ്ക്കായി 1.20 കോടി രൂപയും അനുവദിച്ചു.
Next Story

RELATED STORIES

Share it