malappuram local

ഭാരതപ്പുഴ നിറഞ്ഞുകവിഞ്ഞു; ആഘോഷമാക്കി മീന്‍പിടിത്തം

പൊന്നാനി: ഭാരതപ്പുഴ നിറഞ്ഞൊഴുകിയതോടെ ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിന് താഴെ മല്‍സ്യം പിടിക്കാനെത്തുന്നവര്‍ നിരവധി. പുഴയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ഇവിടെ കൂടുതല്‍ എളുപ്പത്തില്‍ വലിയ മല്‍സ്യങ്ങള്‍ കിട്ടുമെന്നുള്ളതാണ് ദൂരനാട്ടില്‍ നിന്നുവരെപ്പോലും ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. അതേസമയം, റഗുലേറ്ററിനു മുകളില്‍ കയറി സാഹസിക മല്‍സ്യബന്ധനവും വ്യാപകമായിട്ടുണ്ട്. സ്വന്തം ജീവന്‍ പണയംവച്ചുള്ള മീന്‍പ്പിടിത്തത്തിനായി ജില്ലയില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുമായി നിരവധി പേരാണ് എത്തുന്നത്.
തടയണയിലേയ്്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ച് ഷട്ടറുകള്‍ തുറന്നതോടെ ഇതര സംസ്ഥാനക്കാരുള്‍പ്പടെയുള്ള മീന്‍പ്പിടിത്തക്കാരുടെ എണ്ണവും വര്‍ധിച്ചു. മല്‍സ്യത്തിന് നല്ല വില ലഭിക്കുന്നതുമാണ് എന്തു സാഹസം ചെയ്തും മീന്‍ പിടിക്കാന്‍ ആളുകളെത്താന്‍ കാരണം.
ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഇവിടുത്തെ മല്‍സ്യബന്ധനം. ഷട്ടര്‍ ഉയര്‍ത്താനായി സ്ഥാപിച്ച ഉരുക്കു വടങ്ങളിലൂടെയും പാലത്തിന്റെ കൈവരിയില്‍ കെട്ടിയ പ്ലാസ്റ്റിക് കയറുകളിലൂടെയുമാണ് മിക്കവരും പുഴയിലേയ്്ക്കിറങ്ങുന്നത്. കൈ തെറ്റിയാല്‍ പതിക്കുന്നത് താഴെയുള്ള കോണ്‍ക്രീറ്റ് കട്ടകളിലേയ്്‌ക്കോ ഉരുക്ക് ഷട്ടറുകള്‍ക്ക് മുകളിലേയ്്‌ക്കോ ആയിരിക്കും. മഴക്കാലത്ത് ഭിത്തികളിലെ വഴുക്കല്‍ അപകട സാധ്യത ഇരട്ടിയാക്കുകയാണ്.
പുഴയേക്കുറിച്ചോ, ഇവിടുത്തെ അപകട സാധ്യതയെക്കുറിച്ചോ വേണ്ടത്ര ധാരണയില്ലാതെ അയല്‍ജില്ലകളില്‍ നിന്നെത്തുന്നവരാണ് കൂടുതല്‍. തടയണയുടെ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി വ്യത്യസ്തമല്ല. പാലത്തിന്റെ അടിത്തറയുടെ ഉറപ്പിനായി സ്ഥാപിച്ച കോണ്‍ക്രീറ്റ് കട്ടകളുടെ മുകളില്‍ നിന്നാണ് ഇവിടെ നിന്നുള്ള മീന്‍പിടിത്തം. കാല് തെന്നിയാല്‍ വീഴുന്നത് കട്ടകള്‍ക്കിടയിലെ വിടവുകളിലേയ്്‌ക്കോ കൂര്‍ത്ത ഇരുമ്പ് കമ്പികള്‍ക്ക് മുകളിലേയ്്‌ക്കോ ആയിരിക്കും.
തുറന്ന ഷട്ടറുകള്‍ക്കു മുമ്പിലെ മീന്‍പിടിത്തവും അപകടം നിറഞ്ഞതാണ്. ശക്തമായ ഒഴുക്കില്‍പ്പെട്ടാല്‍ പതിക്കുന്നത് പുഴയുടെ പടിഞ്ഞാറ് ഭാഗത്തെ കുത്തൊഴുക്കിലേയ്്ക്കായിരിക്കും. ചെറുതും വലുതുമായ അപകടക്കുഴികള്‍ നിറഞ്ഞ പുഴയുടെ ഭാഗവുമാണിവിടം. രാത്രിയെന്നോ,പകലെന്നോ വ്യത്യാസമില്ലാതെ യാതൊരു സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാതെയുള്ള മീന്‍പിടിത്തത്തില്‍ എതുനിമിഷവും അപകടം പ്രതീക്ഷിക്കാമെന്ന് നാട്ടുകാരും പറയുന്നു. പകല്‍ സമയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ തടയണയ്്ക്കു പടിഞ്ഞാറ് ഭാഗങ്ങളില്‍ മീന്‍പിടിക്കാനെത്തുന്നുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളാണ് ചെറിയ കുട്ടികളെ സാഹസിക മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്നത്. ഉപജീവനമാര്‍ഗത്തിനായി മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരേക്കാള്‍ വിനോദത്തിനായി എത്തുന്നവരാണ് ഭൂരിഭാഗവും. ഇവരുടെ പുഴയേക്കുറിച്ചുള്ള അജ്ഞത ഏതുനിമിഷവും അപകടം വിളിച്ചുവരുത്തുന്ന നിലയിലാണ്.
Next Story

RELATED STORIES

Share it