palakkad local

ഭാരതപ്പുഴയുടെ പുനരുജ്ജീവനം: ജനകീയ കണ്‍വന്‍ഷന്‍ 17ന്

പട്ടാമ്പി: ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനായി വിവിധ തലങ്ങളിലും ദിശകളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി  17 ന് രാവിലെ 9.30 മുതല്‍ പട്ടാമ്പി ഗവ.സംസ്‌കൃത കോളജില്‍ ജനകീയ കണ്‍വന്‍ഷന്‍ ചേരും. ഭാരതപ്പുഴ സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന പരേതനായ ഇന്ത്യനൂര്‍ ഗോപി മാസ്റ്ററുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെടുന്ന കണ്‍വന്‍ഷന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യയുടെ ജലമനുഷ്യന്‍ എന്നറിയപ്പെടുന്ന, നദികളുടെ വീണ്ടെടുപ്പിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രം മഗ്‌സാസെ അവാര്‍ഡ് നല്‍കി ആദരിച്ച രാജസ്ഥാനിലെ ഡോ.രാജേന്ദ്ര സിങ് മുഖ്യപ്രഭാഷണം നടത്തും. പുഴയോര ജീവിതത്തെ സഞ്ചരിച്ചറിഞ്ഞിട്ടുള്ള എഴുത്തുകാരനും നടനുമായ വി കെ. ശ്രീരാമന്‍ അധ്യക്ഷത വഹിക്കും. ഗോപിമാസ്റ്ററുടെ സഹപ്രവര്‍ത്തകരായിരുന്നവരും പുഴകള്‍ക്കും പരിസ്ഥിതിക്കുമായി ജീവിതം സമര്‍പ്പിച്ചവരുമായ പരേതരായ ഡോ.എ ലത, ഭാരതപ്പുഴ സംരക്ഷണ സമിതി നേതാവുമായിരുന്ന ഡോ.പി എസ്. പണിക്കര്‍ എന്നിവരെ ചടങ്ങില്‍ അനുസ്മരിക്കും.
ഭാരതപ്പുഴയുടെ വീണ്ടെടുപ്പിനായി പാലക്കാട് ജില്ലാ പഞ്ചായത്തും കേരള സര്‍ക്കാറിന്റെ ഹരിത കേരള മിഷനും, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഇപ്പോള്‍ തുടക്കമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദീകരിക്കും. നദീതട പ്രദേശത്തിലെ വിവിധ പരിസ്ഥിതി ഗ്രൂപ്പുകളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും ഏറ്റെടുത്തിട്ടുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടേയും സമരാനുഭവങ്ങളുടേയും തുറന്ന ചര്‍ച്ചയും നടക്കും.
ഭാരതപ്പുഴ നദീതടത്തിന്റെ 87ശതമാനം വരുന്ന പാലക്കാട് ജില്ലയില്‍ പുഴയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് തുടക്കമിട്ടിട്ടുണ്ട്. ഭാരതപ്പുഴയുടെ പല കാലങ്ങളെയും അവസ്ഥകളേയും പ്രതിഫലിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളുടേയും ഡോക്യുമെന്ററികളുടേയും പ്രദര്‍ശനം ഡിസംബര്‍ 16 മുതല്‍  നടക്കും. നാടിന്റെ ജീവനാഡിയായ ഒരു പുഴയുടെ വീണ്ടെടുപ്പിനുള്ള ഏറ്റവും വലിയ ശ്രമങ്ങള്‍ക്ക് തുടക്കമിടാനുള്ള കണ്‍വെന്‍ഷന്‍ വിജയകരമായി നടത്തുന്നതിന്  വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
Next Story

RELATED STORIES

Share it