palakkad local

ഭാരതപ്പുഴയും തൂതപ്പുഴയും വറ്റുന്നു; പട്ടാമ്പി താലൂക്ക് കൊടുംവരള്‍ച്ചയുടെ പിടിയില്‍

എം വി വീരാവുണ്ണി

പട്ടാമ്പി: മീനമാസം കഴിയാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ പട്ടാമ്പി താലൂക്ക് കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നു. ജലവിതാനം ക്രമാതീതമായി താഴ്ന്നതിനാല്‍ പല സ്ഥലങ്ങളിലും ശുദ്ധജലം കിട്ടാക്കനിയായി. തുലാവര്‍ഷത്തിന് ശേഷം വൃശ്ചികം, ധനു, മകരം, കുംഭം മാസങ്ങളില്‍ ഈ വര്‍ഷം മഴ ലഭിക്കാത്തതാണ് വരള്‍ച്ചയുടെ തോത് കുത്തനെ കൂടാന്‍ കാരണമാക്കിയത്.
രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെയുള്ള സമയങ്ങളില്‍ 40 ഡിഗ്രിയ്ക്ക് മുകളിലാണ് ഇവിടങ്ങളിലെ ചൂട്. ജലസമൃദ്ധമായിരുന്ന ഭാരതപ്പുഴയും തൂതപ്പുഴയും അനിയന്ത്രിതായ മണലെടുപ്പ് മൂലം പലയിടത്തും വറ്റിയതാണ് വേനല്‍ ഇത്ര രൂക്ഷമാക്കിയതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. വരള്‍ച്ചയുടെ കാഠിന്യത്താല്‍ അടുത്ത കാലത്തൊന്നുമില്ലാത്തവിധം കാര്‍ഷിക വിളകള്‍ നശിക്കുന്നു. കവുങ്ങില്‍ നിന്നും ചൂട് സഹിക്കാനാകാതെ കവുടി അടയ്ക്ക, കൂരടയ്ക്ക എന്നിവയും തെങ്ങില്‍ നിന്നും അച്ചിങ്ങ, മൂപ്പെത്താത്ത ഇളനീര്‍, തേങ്ങ എന്നിവയും മാവില്‍ നിന്നും കണ്ണിമാങ്ങ, കടുമാങ്ങ എന്നിവയും പ്ലാവില്‍ നിന്ന് ഇടിച്ചക്ക, പച്ചക്കറി വിളകളും വാടിയും കരിഞ്ഞുണങ്ങിയും വീണ് നശിക്കുന്നുമുണ്ട്.
പച്ചക്കറി വിളകള്‍ക്ക് ചില സ്ഥലങ്ങളില്‍ വരള്‍ച്ചയെ അതിജീവിക്കാനാകുന്നില്ല. ജലസേചനം ഭാഗികമായി തുടരുന്നുണ്ടെങ്കിലും വരള്‍ച്ചയേ ചെറുക്കാനാകുന്നില്ല.വെള്ളിയാങ്കല്ല് പദ്ധതിയുടെ ഭാഗമായി തൃത്താല പഞ്ചായത്തിലും പരുതൂര്‍ പഞ്ചായത്തിന്റെ കുറച്ചുഭാഗങ്ങളിലും കുടിവെള്ളം താല്‍ക്കാലിക സംവിധാനത്തിലൂടെ വിതരണം ചെയ്യുന്നുണ്ടെങ്കിലും മംഗലം, മുടപ്പക്കാടൊഴിച്ചുള്ള പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്.
പട്ടാമ്പി നഗരസഭയ്ക്ക് സമീപം ഭാരതപ്പുഴയില്‍ സുലഭമായി വെള്ളമുണ്ടായിട്ടും നാല് പതിറ്റാണ്ട പഴക്കമുള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതുകൊണ്ട് ജലവിതരണം ദിവസവും ഭാഗികം മാത്രമാണ്. വല്ലപ്പുഴ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളില്‍ ശുദ്ധജല ലഭ്യത കുറവാണ്. കൊപ്പം, മുതുതല പഞ്ചായത്തുകളില്‍ ഭാഗികമായാണ് കുടിവെള്ള വിതരണം. കപ്പൂര്‍, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളില്‍ വന്‍കിട പദ്ധതികളോ പുഴയുടെ സാമിപ്യമോ ഇല്ലാത്തതിനാല്‍ കുടിവെള്ള ലഭ്യത കുറവാണ്. ചെറുകിട, നാമമാത്ര ശുദ്ധജല പദ്ധതികളുണ്ടെങ്കിലും വേനല്‍ കടുത്തതോടെ ജല ദൗര്‍ലഭ്യം നേരിടുന്നു. അപൂര്‍വമായി ഗുരുവായൂര്‍-പാവറാട്ടി പദ്ധതികളില്‍ നിന്ന് ചിലയിടങ്ങളില്‍ ജല വിതരണം നടത്തിയിരുന്നെങ്കിലും അതും കാര്യക്ഷമമല്ല. ഉയര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഏറ്റവും ദുരിതം.
അതേസമയം വരള്‍ച്ച ഇത്ര രൂക്ഷമായി തുടരുമ്പോഴും കാര്‍ഷിക വിളകളുടെ പേരില്‍ സൗജന്യ വൈദ്യുതി ഉപയോഗിച്ച് ശുദ്ധജലം പാഴാക്കി കളയുന്നത് ചില പ്രദേശങ്ങളില്‍ പതിവ് കാഴ്ചയാണ്.
സ്പിങ്ങഌ മുതലായ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യമുള്ളതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി വെള്ളം പാഴാവുന്നതായി അനുഭവസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അടിയന്തിര പരിഹാര നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് ജനകീയാവശ്യം.
Next Story

RELATED STORIES

Share it