palakkad local

ഭാരതപ്പുഴയില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവുകൂടിയതായി റിപോര്‍ട്ട്

ഒറ്റപ്പാലം: മൂന്നുജില്ലകളുടെ കുടിവെള്ള സ്രോതസായ ഭാരതപ്പുഴയിലെ വെള്ളത്തില്‍ കോളിഫോം ബാക്റ്റീരിയയുടെ അളവ് അപകടകരമായ തോതില്‍ ഉയര്‍ന്നതായി പരിശോധന റിപോര്‍ട്ട്. ജനുവരി 16ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് തൃശൂരിലെ ലാബില്‍ നടത്തിയ പുഴവെള്ള പരിശോധനയിലാണ് അപകടകരമായ രീതിയില്‍ കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഭാരതപ്പുഴയിലെ വെള്ളത്തില്‍ 200 ശതമാനം കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് പരിശോധന ഫലം വ്യക്തമാക്കുന്നു.
അനുവദനീയമായതിന്റെ മൂന്നിരട്ടിയോളമാണ് ഇതെന്ന് ലാബ് അധികൃതര്‍ വ്യക്തമാക്കുന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല എന്നിങ്ങനെ പാലക്കാട് ജില്ലയിലെ നാല് മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പുഴയിലെ മലിനജലത്തിന്റെയും മനുഷ്യവിസര്‍ജ്യങ്ങളില്‍ നിന്ന് ഉണ്ടാവുന്ന കോളിഫോം ബാക്ടീരിയയുടെയും തോത്  ഉയര്‍ന്നിരിക്കുന്നതായി തെളിഞ്ഞത്.
ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ ഭാരതപ്പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ശുദ്ധീകരണ പ്ലാന്റില്ലാതെ ക്ലോറിന്‍ വിതറിയ വെള്ളം നേരിട്ട് വിതരണം ചെയ്യുകയാണ് രീതി. പുഴയിലേക്ക് മാലിന്യവും മലിനജലവും ഒഴുക്കിയ തീരമേഖലയിലെ നിരവധി സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹോട്ടല്‍, ബേക്കറി, ആശുപത്രികള്‍, അറവ് ശാലകള്‍ എന്നിങ്ങനെ പാലക്കാട്, തൃശൂര്‍ ജില്ലയിലെ ഒരു ഡസനോളം സ്ഥാപനങ്ങള്‍ക്കാണ് അടച്ചുപൂട്ടാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയത്.
Next Story

RELATED STORIES

Share it