Flash News

ഭാരതം സൃഷ്ടിച്ചതു മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമല്ല: എം മുകുന്ദന്‍

ഭാരതം സൃഷ്ടിച്ചതു മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമല്ല: എം മുകുന്ദന്‍
X
പത്തനംതിട്ട: ഭാരതം സൃഷ്ടിച്ചതു ചെറിയ മനുഷ്യരാണെന്നും മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമല്ലെന്നും എഴുത്തുകാരന്‍ എം.മുകുന്ദന്‍. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ചെറിയവരുടെ ലോകമാണത്. പടിവാതിലിലെത്തിയ ഫാസിസമെന്ന ഭൂതത്തെ തുരത്താന്‍ പുരോഗമന ശക്തികള്‍ ഒന്നിച്ചു മഹാസഖ്യമുണ്ടാക്കണം. അതിനായി ചെറിയ കലഹങ്ങള്‍ മറക്കണം.
'എഴുത്ത്, സംസ്‌കാരം, പ്രതിരോധം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുകുന്ദന്‍. ചെറിയവരുടെ ചെറുത്തുനില്‍പു വിജയിക്കുമെന്നു ചരിത്രം പറയുന്നു. ഹിമാലയവും ഗംഗയുമാണ് ഇന്ത്യയെന്നു പറയുന്നവര്‍ ചെറിയവരുടെ തിരിച്ചടിയില്‍ അതു തിരിച്ചറിയും.



സംവാദങ്ങളിലൂടെയാണ് ഇന്ത്യ ഉണ്ടായത്. യാത്രകള്‍ക്കിടയിലും പണ്ഡിതരുമായി സംവാദം നടത്തിയാണ് ശങ്കരാചാര്യര്‍ ഹിമാലയം വരെ എത്തിയത്. ഇന്നു സംവാദങ്ങള്‍ക്കുള്ള ഇടങ്ങള്‍ ഇല്ലാതാകുന്നു.
വിയറ്റ്‌നാമിനെയും ഹോചിമിനെയും നമ്മള്‍ മറന്നിട്ടില്ലല്ലോ. ഹോചിമിന്‍ എന്നെക്കാള്‍ ചെറിയ മനുഷ്യനായിരുന്നു. അമേരിക്കക്കാര്‍ ഏഴടി വരെ ഉയരമുള്ളവരും വലിയ യുദ്ധോപകരണങ്ങള്‍ ഉള്ളവരും. അവരെ ഹോചിമിന്‍ മുട്ടുകുത്തിച്ചില്ലേ?
രാഷ്ട്രീയം, മതം, വിപണി, ലൈംഗികത, ആദിവാസി തുടങ്ങി പല മേഖലയിലും അധിനിവേശങ്ങളുണ്ട്. എഴുത്തിനെയും സംസ്‌കാരത്തെയും വിലക്കുന്ന ലോകമാണിത്. വിലക്കുമ്പോഴാണ് എഴുത്തുകാര്‍ ശക്തി പ്രാപിക്കുന്നത്. ഏകാധിപതികള്‍ ഭയക്കുന്നത് എഴുത്തുകാരെയാണ്. എന്തുകൊണ്ടെന്നറിയില്ല.
ഇടക്കാലത്ത് ഹിറ്റ്‌ലറെയെന്ന പോലെ സ്റ്റാലിനെ കുറ്റപ്പെടുത്തുന്നതു ഫാഷനായിരുന്നു. ലൈബ്രറികള്‍ കത്തിച്ചയാളാണ് ഹിറ്റ്‌ലര്‍. സ്റ്റാലിന്‍ റഷ്യന്‍ സാഹിത്യത്തെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. ഇതാണ് കമ്യൂണിസ്റ്റും ഫാഷിസ്റ്റും തമ്മിലുള്ള വ്യത്യാസം.
ഗൗരി ലങ്കേഷിനെയും പന്‍സാരെയെയുമൊക്കെ കൊന്നപ്പോള്‍ പ്രതിരോധം കനത്തതേയുള്ളൂ. ചെറുത്തുനില്‍പ് എല്ലാ കാലത്തും ഉണ്ടാവും. മനുഷ്യപക്ഷ പോരാട്ടങ്ങള്‍ വിജയിക്കും.
നമുക്കു ചുറ്റും ഒരുപാടു പ്രശ്‌നങ്ങളുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ പോലും. ഡല്‍ഹിയില്‍ പശുക്കള്‍ ആരോഗ്യത്തോടെ അലയുന്നു. അവയെ കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്തും. പക്ഷേ, മനുഷ്യനെ കണ്ടാല്‍ നിര്‍ത്തില്ല. ഒരുപക്ഷേ, കൊന്നിട്ടു പോകും. അവിടെ പശുക്കള്‍ വീടിനു പിന്നില്‍ വന്നു നിന്നാല്‍ ബലമായിപ്പോലും ഭക്ഷണം കൊടുക്കും. പക്ഷേ, ഒരു കുട്ടി വന്നാല്‍ ചില്ലിക്കാശു കൊടുക്കില്ല, ആട്ടിയോടിക്കും. പശു പാവം മൃഗമാണ്. പക്ഷേ, ഇന്നു നമ്മള്‍ അതിനെ വെറുക്കുന്നു. ആരു കാരണമാണെന്ന് ഓര്‍ക്കണം. പശുവിന്റെ ശാപം അവരുടെ മേല്‍ ഉണ്ടാകുമെന്ന് അവര്‍ അറിയുന്നില്ല. പശുവിന്റെ പേരില്‍ 27 പേര്‍ മരിച്ചു.
ലോകത്ത് എവിടെയുമുള്ള പ്രശ്‌നങ്ങളില്‍ നമ്മള്‍ വേദനിക്കും എന്നതാണ് മലയാളിയായി ജനിച്ചതില്‍ ഏറ്റവും അഭിമാനകരം. നെല്‍സണ്‍ മണ്ടേലയെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്നു ചൊക്ലിയില്‍ ചുവരെഴുത്തു കണ്ടിട്ടുണ്ട് പണ്ട്. ആദിവാസികളെ മാറ്റി നിര്‍ത്തിയാല്‍ നമ്മള്‍ സമ്പന്നരാണ്. പക്ഷേ, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മറന്ന് ആര്‍ഭാടത്തോടെ ജീവിക്കാന്‍ നമുക്കു കഴിയില്ല. അതുകൊണ്ടാണ് മധു കൊല്ലപ്പെട്ടപ്പോള്‍ നമ്മള്‍ വേദനിച്ചതെന്നും എം.മുകുന്ദന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it