Flash News

ഭര്‍ത്താവിന്റെ വിവാഹമോചന ഹരജി കോടതി തള്ളി



മലപ്പുറം: വിവാഹമോചനം അംഗീകരിക്കണമെന്ന ഭര്‍ത്താവിന്റെ ഹരജി മലപ്പുറം കുടുംബകോടതി തള്ളി. ഇസ്‌ലാമിക നിയമത്തിലും ഇന്ത്യന്‍ നിയമത്തിലും നിഷ്‌കര്‍ഷിച്ച വിധം ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഭാഗത്തുനിന്നുള്ള മധ്യസ്ഥര്‍ മുഖേന ഒത്തുതീര്‍പ്പുശ്രമം നടത്തിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അരീക്കോട് പാവണ്ണ സ്വദേശി നല്‍കിയ ഹരജി ഇന്നലെ കോടതി തള്ളിയത്. 2005ല്‍ ഹരജിക്കാരനും ഭാര്യയും പിണങ്ങി. 2012ല്‍ ഭര്‍ത്താവില്‍ നിന്നു ചെലവിനു കിട്ടണമെന്നാവശ്യപ്പെട്ട് ഭാര്യ മലപ്പുറം കുടുംബകോടതിയെ സമീപിച്ചു. ഭാര്യയെ വിവാഹമോചനം ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ചെലവിനു നല്‍കാന്‍ സാധ്യമല്ലെന്നുമാണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ വിവാഹമോചനം ചെയ്തതിന് തെളിവുകളില്ലെന്നു പറഞ്ഞ കോടതി ചെലവു നല്‍കാന്‍ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണു ഭര്‍ത്താവ്, വിവാഹമോചനം ചെയ്തിട്ടുണ്ടെന്നും അതിനു നിയമപരമായ സാധുത വേണമെന്നും ആവശ്യപ്പെട്ട് ഇന്നലെ വീണ്ടും കോടതിയിലെത്തിയത്.മലപ്പുറം മുതുവല്ലൂര്‍ സ്വദേശിനിയായ ഭാര്യയുടെ മഹല്ല് കമ്മിറ്റിക്കു വിവാഹമോചനം നടത്തി അയച്ച കത്തിന്റെ പകര്‍പ്പ് കോടതിയില്‍ ഭര്‍തൃഭാഗം അഭിഭാഷകന്‍ സമര്‍പ്പിച്ചിരുന്നു. ഹരജി പരിഗണിച്ച കുടുംബകോടതി ജഡ്ജി ഭര്‍ത്താവിന്റെ അഭിഭാഷകനോട് മധ്യസ്ഥശ്രമത്തെക്കുറിച്ച് വിശദമായി ചോദിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. ഇസ്‌ലാമിക നിയമമനുസരിച്ചും ഇന്ത്യന്‍ നിയമമനുസരിച്ചും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനു നടപടിക്രമങ്ങളുണ്ടെന്നും കേസില്‍ അതു പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചനത്തിനു മുമ്പ് ഭര്‍ത്താവിന്റെയും ഭാര്യയുടെയും രണ്ട് ബന്ധുക്കള്‍ ഇടപെട്ട് ഇവരെ ഒന്നിപ്പിക്കാനുള്ള ശ്രമം നടത്തണം. ഇസ്‌ലാമിക നിയമപ്രകാരം വിവാഹമോചനത്തിന് വ്യക്തമായ കാരണം വേണമെന്നും ഭര്‍ത്താവിന്റെ ഹരജിയില്‍ അതുണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.വിവാഹമോചനത്തിനു മുമ്പ് മധ്യസ്ഥശ്രമം നടത്തിയിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് നടന്നിരുന്നെന്ന് ഹരജിക്കാരന്‍ മറുപടി നല്‍കിയെങ്കിലും ഇക്കാര്യം കോടതിയില്‍ തെളിവുസഹിതം സ്ഥാപിക്കാനാവാത്തതിനാല്‍ ത്വലാഖ് നിയമപരമായി നിലനില്‍ക്കില്ലെന്നു കോടതി നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it