Idukki local

ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് യുവതി; പോലിസ് അന്വേഷണം ആരംഭിച്ചു

രാജാക്കാട്: ഒരുവര്‍ഷം മുമ്പു മരിച്ച നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവിന്റെ മരണത്തില്‍ ദുരൂഹതയെന്നു ഭാര്യ. എല്ലപ്പെട്ടി എസ്റ്റേറ്റിലെ പുല്‍മേട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗണേഷന്റെ മരണത്തിലാണു ദുരൂഹത. മൂന്നാര്‍ സിഐ സാം ജോസിന്റെ നേതൃത്വത്തില്‍ എസ്‌ഐ ലൈജുമോന്‍ അന്വേഷണം ആരംഭിച്ചു.2017 ഡിസംബര്‍ ആറിനാണു ഗണേഷനെ എല്ലപ്പെട്ടി ഫാക്ടറിക്കു സമീപത്തെ പുല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഫാക്ടറി ജോലിക്കു പോയ ഗണേഷന്‍ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് ഒമ്പതോടെ ഫാക്ടറിയില്‍ ജോലിക്കു പോയ ഗണേഷന്‍ രാത്രി 11ഓടെ വീട്ടില്‍ പോവുകയാണെന്നു പറഞ്ഞ് പുറത്തിറങ്ങിയതായി ജീവനക്കാര്‍ പറയുന്നുണ്ടെങ്കിലും പുലര്‍ച്ചെ മൂന്നോടെയാണു സംഭവം ഭാര്യ ഹേമലത അറിയുന്നത്. അയല്‍വാസി ഭര്‍ത്താവിനു സുഖമില്ലെന്നു പറഞ്ഞിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഹേമലത ഭര്‍ത്താവ് പുല്‍മേട്ടില്‍ കിടക്കുന്നതാണു കണ്ടത്. കനത്ത തണുപ്പിനിടയിലും ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുള്ളതായി കണ്ടെത്തി ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് എസ്റ്റേറ്റിലെ കമ്പനി ആശുപത്രിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും മരിച്ചതായി ഡോക്ടര്‍ വിധിയെഴുതുകയും മ്യതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനു ചിലര്‍ തടസ്സം സ്യഷ്ടിക്കും പണം ചെലവ് അധികമാകുമെന്നു പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയെ തുടര്‍ന്നാണ് മൂന്നാര്‍ സിഐ സാം ജോസിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ ലൈജുമോന്‍ സ്ഥലത്തെത്തിയത്. ഒരാഴ്ചക്കുള്ളില്‍ മൃതദേഹം പുറത്തെടുത്ത് പോലീസ് പരിശോധന നടത്തും.
Next Story

RELATED STORIES

Share it