malappuram local

ഭര്‍തൃഗൃഹത്തില്‍ യുവതി മരിച്ചതില്‍ ദുരൂഹതയെന്നു ബന്ധുക്കള്‍



മഞ്ചേരി: പൂക്കോട്ടൂര്‍ പള്ളിപ്പടി തോട്ടുങ്ങല്‍ ജഅ്ഫറിന്റെ ഭാര്യ നസീറ (32) യെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ സഹോദരന്‍ മുഹമ്മദ് റഫീഖ് മഞ്ചേരി പോലിസില്‍ പരാതി നല്‍കി. നസീറയെ ഭര്‍ത്താവ് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്നും മൃതദേഹത്തില്‍ കാണപ്പെട്ട പരിക്കുകള്‍ സംശയം ബലപ്പെടുത്തുന്നതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി മരിക്കുന്നതിന്റെ മണിക്കൂറുകള്‍ക്കുമുമ്പ് അയല്‍വാസിയായ സ്ത്രീ തന്നെ വിളിച്ച് നസീറയെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയാണെന്ന് അറിയിച്ചിരുന്നതായും മുഹമ്മദ് റഫീഖ് പറയുന്നുണ്ട്. പോലിസോ ബന്ധുക്കളോ എത്തുന്നതിനു മുമ്പുതന്നെ മൃതദേഹം അഴിച്ചിറക്കിയത് സംശയം വര്‍ധിപ്പിക്കുന്നതാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബേപ്പൂര്‍ തമ്പിറോഡ് ചെമ്മല സൈദു-റുഖിയ ദമ്പതികളുടെ മകളാണു മരിച്ച നസീറ. മക്കള്‍: മുഹമ്മദ് സഹല്‍, ഫാത്തിമ സഹ്‌ല, മുഹമ്മദ് ഷിഹാല്‍, സഹോദരങ്ങള്‍: നഈം, നസീര്‍, സാജിദ, മുഹമ്മദ് റഫീഖ്. മഞ്ചേരി അഡീഷനല്‍ എസ്‌ഐ ഷാജിമോന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ബേപ്പൂരിലേക്ക് കൊണ്ടുപോയി.
Next Story

RELATED STORIES

Share it