malappuram local

ഭരണ - പ്രതിപക്ഷ വിലയിരുത്തല്‍ : ഇരുമുന്നണിയില്‍ നിന്നും ഉയരുന്നത് വ്യത്യസ്ത സ്വരങ്ങള്‍



കെ പി ഒ റഹ്്മത്തുല്ല

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാവുമോയെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും മുന്‍മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടിക്കും രണ്ടഭിപ്രായം. കഴിഞ്ഞ ദിവസം നടന്ന പരിപാടികളിലാണ് ഇരുനേതാക്കളും വ്യത്യസ്ത അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ഇന്നലെ നടന്ന മലപ്പുറം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ വിലയിരുത്തലാണെന്ന് പറയാന്‍ രമേശ് ചെന്നിത്തല മടിച്ചത്. വേങ്ങര തിരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാക്കേണ്ട ആവശ്യമില്ലെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഭൂരിപക്ഷം കൂടുമോയെന്ന ചോദ്യത്തിന് അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്താണ് മറുപടി പറഞ്ഞത്. കഴിഞ്ഞ തവണ വേങ്ങരയില്‍ നേടിയ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടിയല്ലല്ലോ കെ എന്‍ എ ഖാദര്‍ എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. ഭൂരിപക്ഷം കൂടുമോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി അദ്ദേഹത്തില്‍നിന്നുണ്ടായില്ല. മികച്ച ഭൂരിപക്ഷമുണ്ടാവുമെന്നു മാത്രം പറഞ്ഞുവയ്ക്കുകയായിരുന്നു അദ്ദേഹം. ചോദ്യത്തിന്റെ മുന തനിക്ക് വിനയാവുമെന്നു പ്രതിക്ഷ നേതാവ് തിരിച്ചറിയുകയായിരുന്നു. എല്‍ഡിഎഫ് വിജയിക്കാനല്ല, ഭൂരിപക്ഷം കുറയ്ക്കാനാണ് മല്‍സരിക്കുന്നത്. ഭൂരിപക്ഷം കുറയ്ക്കാനായി എവിടെയെങ്കിലും ആരെങ്കിലും മല്‍സരിക്കുമോയെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് തിരിച്ചു ചോദിച്ചു. വേങ്ങരയില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് - ലീഗ് നേതാക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ഭൂരിപക്ഷം കൂടാന്‍ സാധ്യതയില്ലെന്നു പ്രതിപക്ഷ നേതാവ് പറയാതെ പറഞ്ഞത്. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നു പറയാന്‍ കോടിയേരിക്ക് ധൈര്യമില്ലെന്ന വിമര്‍ശനവും ചെന്നിത്തല ഉന്നയിച്ചു. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ഭരണ വിലയിരുത്തലെന്ന പ്രഖ്യാപനം നടത്തി വെട്ടിലായതിനാലാണ് ഇത്തവണ കോടിയേരി ഇങ്ങിനെ പറയാത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കഴിഞ്ഞ ദിവസം വേങ്ങരയില്‍ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാവുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ അഭിപ്രായത്തെ തള്ളിയാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിലയിരുത്തലാവില്ലെന്നു പറഞ്ഞിരിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഭിന്നാഭിപ്രായങ്ങളാണ് ഇതിലൂടെ പ്രകടമായിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ വിലയിരുത്തലാണെന്നു സമ്മതിച്ചാല്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ പ്രതിക്കൂട്ടിലാവുമെന്ന ഭയമായിരിക്കാം പ്രതിപക്ഷ നേതാവിനെ വ്യത്യസ്തമായി പറയാന്‍ പ്രേരിപ്പിച്ചത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ ഭിന്നസ്വരം വിവാദമായിട്ടുണ്ട്.വേങ്ങര തിരഞ്ഞെടുപ്പിലെ വിലയിരുത്തലിനെക്കുറിച്ച് മന്ത്രി കെ ടി ജലീലിന്റെ അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്. യുഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് സമ്മതിക്കാമെന്നും മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ വേങ്ങരയിലെ വോട്ടര്‍മാര്‍ ഇടതുപക്ഷ സര്‍ക്കാരിനെ അംഗീകരിക്കുന്നുവെന്ന് സമ്മതിക്കാന്‍ യുഡിഎഫ് തയ്യാറാവുമോയെന്നുമായിരുന്നു ജലീലിന്റെ ചോദ്യം. കോടിയേരി സര്‍ക്കാരിന്റെ വിലയിരുത്തലെന്ന് പറയാന്‍ മടിക്കുമ്പോഴും ജില്ലക്കാരന്‍ കൂടിയായ ജലീല്‍ മറയില്ലാതെ അക്കാര്യം പറയുന്നു. സര്‍ക്കാര്‍ വിലയിരുത്തല്‍ എന്ന കാര്യത്തില്‍ വേങ്ങരയില്‍ യുഡിഎഫിലും എല്‍ഡിഎഫിലും അഭിപ്രായ ഭിന്നതയുണ്ടെന്നാണ് മനസ്സിലാവുന്നത്.
Next Story

RELATED STORIES

Share it