ernakulam local

ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി; ആറ് വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ആറ് വനിതാ കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് സംഭവം. ഭരണപക്ഷത്തെ രാജി ദിലീപ്, ഷൈലജാ അശോകന്‍, പി പി നിഷ, ഷിജി തങ്കപ്പന്‍ എന്നിവരെ പരിക്കുകളോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും പ്രതിപക്ഷത്തെ പ്രമീളാ ഗിരീഷ് കുമാര്‍, ഷൈലാ അബ്ദുള്ള എന്നിവരെ പരിക്കുകളോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നഗരസഭാ ഡ്രീംപാര്‍ക്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ഉള്‍പ്പെടുത്തിയിരുന്നു. അജണ്ട ചര്‍ച്ചയ്‌ക്കെടുത്തതോടെ പ്രതിപക്ഷം ഇതിനെതിരേ രംഗത്ത് വരികയായിരുന്നു. വിഷയം കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് വോട്ടിങ്ങോടെ പാസാക്കിയതോടെ പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ഇതിനിടെ കയ്യാംങ്കളിയും ഗ്ലാസിനേറും നടന്നു.
ഗ്ലാസിന്റെ ചില്ല് പൊട്ടിത്തെറിച്ചാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റത്. ഗ്ലാസ് കൊണ്ട് ഷൈലജാ അശോകന്റെ കൈമുറിഞ്ഞു.
പ്രതിപക്ഷ കൗസിലര്‍മാരായ സി എം ഷുക്കൂര്‍, കെ എ അബ്ദുള്‍സലാം, പ്രമീളാ ഗിരീഷ്‌കുമാര്‍, ജയകൃഷ്ണന്‍ നായര്‍, ഷൈലാ അബ്ദുല്ല എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ ഹാളില്‍ ബഹളം വയ്ക്കുകയും ചെയര്‍പേഴ്‌സണിന്റെ ഡെയ്‌സിലേക്കും ഭരണകക്ഷി കൗണ്‍സിലര്‍മാര്‍ക്കു നേരെയും ചായ ക്ലാസെടുത്ത് വലിച്ചെറിയുകയും അവരെ ചീത്ത വിളിക്കുകയും ചെയ്തുവെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഇതിനിടെ പ്രതിപക്ഷ കൗണ്‍സിലറും വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ പ്രമീളാ ഗിരീഷ്‌കുമാര്‍ ചെരിപ്പൂരി ചെയര്‍പേഴ്‌സണിന്റെ ചെയറിലേക്ക് ഓടി അടുക്കുകയും തടയാന്‍ ചെന്ന ഭരണകക്ഷി അംഗങ്ങളായ ഉമാമത്ത് സലിം, രാജി ദിലീപ്, പി പി നിഷ, സെലിന്‍ ജോര്‍ജ്, ഷിജി തങ്കപ്പന്‍, ഷൈലജാ അശോകന്‍ എന്നീ കൗണ്‍സിലര്‍മാരെ കയ്യിലിരുന്ന പൊട്ടിയ ഗ്ലാസ്മുറി കഷണം കൊണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭരണകക്ഷി കൗസിലര്‍മാരായ പി പി നിഷ, രാജി ദിലീപ്, ഷിജി തങ്കപ്പന്‍, ഷൈലജാ അശോകന്‍ എന്നിവരെ പരിക്കുകളോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ കൗസിലര്‍മാരായ സി എം ഷുക്കൂര്‍, കെ എ അബ്ദുള്‍ സലാം, പ്രമീളാ ഗിരീഷ്‌കുമാര്‍, ജയകൃഷ്ണന്‍ നായര്‍, ഷൈലാ അബ്ദുല്ല എന്നീ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിനും കൗണ്‍സില്‍ ഹാളില്‍ ഭരണകക്ഷി കൗണ്‍സിലര്‍മാരെ അക്രമിച്ചതിനുമെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ മൂവാറ്റുപുഴ പോലിസിന് പരാതി നല്‍കി.
പാര്‍ട്ടി പ്രവര്‍ത്തകരെ നഗരസഭാ ജീവനക്കാരായി സ്ഥിരപ്പെടുത്തുന്നതിനെതിരേ കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുത്ത വനിതാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി.
കോണ്‍ഗ്രസിലെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീളാ ഗിരീഷ് കുമാറിന് നേരെ സിപിഎം കൗണ്‍സിലര്‍ സി എം സീതി വധശ്രമം നടത്തിയത്. പരിക്കേറ്റ പ്രമീളയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് പ്രമീള ഡിവൈഎസ്പിക്ക് രേഖാമൂലം പരാതിയും നല്‍കി.
2000 ന് ശേഷം ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ കണ്ടിജന്റ് ജീവനക്കാരായി നിയമിക്കാന്‍ പാടില്ലെന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും നല്‍കുന്ന പട്ടികയില്‍ നിന്നും താല്‍ക്കാലിക ജീവനക്കാരായി നിയമിക്കണമെന്നുമുള്ള സര്‍ക്കാര്‍ ഉത്തരവ് മറികടന്നാണ് അധികൃതര്‍ മൂവാറ്റുപുഴ ഡ്രീംലാന്‍ഡ് പാര്‍ക്കിലെ ജീവനക്കാരെ നിയമിക്കാന്‍ വേണ്ടി വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തി കൗണ്‍സില്‍ യോഗം വിളിച്ച് ചേര്‍ത്തത്.
പാര്‍ക്കില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന അഞ്ചുപേരെ സ്ഥിരം ജീവനക്കാരായി നിയമിക്കുന്നതിനു വേണ്ടിയുള്ള അജണ്ട ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമായതിനാല്‍ നിയമനം നടത്താന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് കെ എ അബ്ദുള്‍ സലാം നിലപാടെടുത്തു. പ്രതിപക്ഷം ഒന്നടക്കം ഭരണകക്ഷിയുടെ നിലപാടിനെതിരേ ഒറ്റക്കെട്ടായി രംഗത്ത് വന്നതിനിടെ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ പ്രമീളയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പ്രതിപക്ഷം ആരോപിച്ചു.
വനിതാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണെ അപായപ്പെടുത്താന്‍ ശ്രമിച്ച സിപിഎം കൗണ്‍സിലര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി പി എല്‍ദോസ് ആവശ്യപ്പെട്ടു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന എല്‍ഡിഎഫ് കൗണ്‍സിലര്‍മാരെ സിപിഎം ജില്ലാ കമ്മിറ്റി അംഗം പി എം ഇസ്മയില്‍, സിപിഎം ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍, സിപിഐ മണ്ഡലം സെക്രട്ടറിയും നഗരസഭാ വൈസ് ചെയര്‍മാനുമായ പി കെ ബാബുരാജ്, മുന്‍നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ് തോട്ടം, നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമാമത്ത് സലീം, മുന്‍ നഗരസഭാ കൗണ്‍സിലര്‍ പി എം ഇബ്രാഹിം എന്നിവര്‍ സന്ദര്‍ശിച്ചു.
മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലില്‍ പ്രതിപക്ഷത്തെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടത്തിയ ആക്രമണത്തിനും കൈയേറ്റത്തിനുമെതിരേ സിപിഎം മൂവാറ്റുപുഴ എരിയാ കമ്മിറ്റി പ്രതിഷേധിച്ചു. ഭരണപക്ഷ കൗണ്‍സിലര്‍മാരെ ആക്രമിച്ച് പരിക്കേല്‍പിച്ച പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരേ നിയമ നടപടിയെടുക്കണമെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it