Kollam Local

ഭരണിക്കാവ്-മുണ്ടക്കയം ദേശീയ പാത നിര്‍മാണത്തിന് 30.18 കോടി രൂപ അനുവദിച്ചു



പത്തനംതിട്ട: നിര്‍ദ്ദിഷ്ട ഭരണിക്കാവ്-മുണ്ടക്കയം ദേശീയ പാത183 എയുടെ നിര്‍മാണത്തിനായി 30.18 കോടി രൂപ അനുവദിച്ചു. പാതയുടെ ഭരണിക്കാവ് മുതല്‍ അടൂര്‍ നെല്ലിമൂട്ടില്‍പ്പടി വരെയുള്ള 16 കിലോ മീറ്റര്‍ നിര്‍മ്മാണത്തിനായി 13.68 കോടി രൂപയും കണമല ക്രോസ്‌വേ മുതല്‍ എരുമേലി വരെയുള്ള 14 കിലോ മീറ്റര്‍ നിര്‍മ്മാണത്തിനായി 16.5 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ ടാറിങ് നടത്തി റോഡിന്റെ ഇരുവശങ്ങളിലും ആവശ്യമായ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത്, പ്രധാന ജങ്ഷനുകളില്‍ ടൈല്‍സ് വിരിക്കും. ഇതിനോടൊപ്പം സുരക്ഷാ ക്രമീകരണങ്ങളായ ക്രാഷ് ബാരിയറുകളും, ഡെലിനേറ്റര്‍ പോസ്റ്റുകളും, സ്റ്റഡുകളും, ദിശാ ബോര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. ഭരണിക്കാവില്‍ നിന്നു തുടങ്ങി അടൂര്‍ തട്ട കൈപ്പട്ടൂര്‍ പത്തനംതിട്ട മൈലപ്ര  മണ്ണാറക്കുളഞ്ഞി  വടശ്ശേരിക്കരപെരുനാട് ളാഹഇലവുങ്കല്‍ കണമലഎരുമേലി വഴിയാണ് പാത മുണ്ടക്കയത്ത് എത്തുന്നത്. നാലുവരിപ്പാത നിര്‍മ്മിക്കുകയാണ് ലക്ഷ്യം. 116 കി.ലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്ക് വേണ്ടി ഇന്ത്യന്‍ ഹൈവേ ഇന്‍സ്റ്റിറ്റിയൂഷനാണ് സര്‍വ്വേ നടത്തിയത്. ദേശീയ പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ചുള്ള സര്‍വ്വേയും, അലൈന്‍മെന്റുമായി ബന്ധപ്പെട്ട റോഡ് സര്‍വ്വേയും പൂര്‍ത്തിയായിക്കഴിഞ്ഞു. പാത കടന്നുപോകുന്ന ചെറുതും വലുതുമായ നഗരങ്ങളിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബൈപാസുകള്‍ നിര്‍മ്മിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദിഷ്ട ദേശീയപാത ഇലവുങ്കല്‍ നിന്നും പമ്പയിലേക്ക് നീട്ടണമെന്ന തന്റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനമെടുത്തു കഴിഞ്ഞതായി ആന്റോ ആന്റണി എംപി പറഞ്ഞു. പാത യാഥാര്‍ത്യമാവുന്നതോടെ ശബരിമലയിലേക്കുള്ള ഏറ്റവും വലിയ തീര്‍ത്ഥാടന പാതയായി  എന്‍ എച്ച്183 എ മാറുമെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. ആദ്യഘട്ടത്തില്‍ അനുവദിച്ച 30.18 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാവും.
Next Story

RELATED STORIES

Share it