wayanad local

ഭരണാനുമതി ലഭിച്ചെന്ന് മന്ത്രി; അധിക തസ്തികകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും

കല്‍പ്പറ്റ: ജില്ലാ ആശുപത്രിക്ക് മള്‍ട്ടി പര്‍പ്പസ് ആശുപത്രി ബ്ലോക്ക് നിര്‍മിക്കുന്നതിന് 45 കോടി രൂപയുടെ നബാര്‍ഡ് ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതിയായതായി പട്ടികവര്‍ഗക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. വയനാട് മെഡിക്കല്‍ കോളജിന് 41 കോടി രൂപയുടെയും ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് 2.5 കോടി രൂപയുടെയും ധനസഹായത്തിനുള്ള ഭരണാനുമതി നല്‍കിക്കൊണ്ടാണ് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് നബാര്‍ഡിന്റെ ഉത്തരവ് ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയിരുന്നു.
ജില്ലാ ആശുപത്രിക്ക് 38.5 കോടി രൂപ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും 6.5 കോടി രൂപ സംസ്ഥാന വിഹിതവും ചേര്‍ത്താണ് 45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
വയനാട് മെഡിക്കല്‍ കോളജിന് 34.85 കോടി രൂപയുടെ ആര്‍ഐഡിഎഫ് ധനസഹായവും 6.15 കോടി രൂപയുടെ സംസ്ഥാന വിഹിതവും ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിന് 2.12 കോടി രൂപയുടെ ആര്‍ഐഡിഎഫ് സഹായവും 37.5 ലക്ഷം രൂപയുടെ സംസ്ഥാന വിഹിതവും ചേര്‍ത്താണ് അനുമതി നല്‍കിയത്.
ജില്ലാ ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 274ല്‍ നിന്ന് 500 ആക്കി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഇതിന് ആനുപാതികമായ തസ്തിക വര്‍ധിപ്പിച്ചിരുന്നില്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ആരോഗ്യ മേഖലയില്‍ മാനന്തവാടി നിയോജകമണ്ഡലത്തില്‍ 71.93 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജില്ലാ ആശുപത്രിയില്‍ സര്‍ജിക്കല്‍ കോംപ്ലക്‌സിനായി 1.93 കോടി രൂപയും ട്രോമാകെയര്‍ നിര്‍മാണത്തിനായി 1.10 കോടി രൂപയും 75 കിടക്കകളുള്ള പുതിയ വാര്‍ഡിന് 75 ലക്ഷം രൂപയും ഓപറേഷന്‍ തിയേറ്റര്‍ നവീകരണത്തിന് മൂന്നു കോടി രൂപയും ഡയാലിസിസ് യൂനിറ്റ് നിര്‍മാണത്തിന് 60 ലക്ഷവും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി 19.55 കോടി രൂപയും ചെലവഴിച്ചു.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ തസ്തികകള്‍ വര്‍ധിപ്പിക്കുന്നതിന് നിരവധി തവണ ധനകാര്യ വകുപ്പ് നിരാകരിച്ചെങ്കിലും കഴിഞ്ഞ മന്ത്രിസഭാ യോഗം ഇതുസംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും അനുകൂല തീരുമാനമെടുക്കുന്നതിനായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്ക് മാറ്റിവയ്ക്കുകയുമാണുണ്ടായതെന്നു മന്ത്രി പി കെ ജയലക്ഷ്മി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it