kasaragod local

ഭരണാനുമതി ലഭിച്ചു മാസം നാലു കഴിഞ്ഞു; സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മാണം തുടങ്ങിയില്ല

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്ക് ഭരണാനുമതി ലഭിച്ച് നാല് മാസമായിട്ടും പ്രാഥമിക പ്രവര്‍ത്തനം പോലും ആരംഭിച്ചിട്ടില്ല.
നിയമസഭയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട്ട് ആശുപത്രി സ്ഥാപിക്കുന്നതിന് 6.50 കോടി രൂപ അനുവദിക്കുകയും തുടര്‍ന്ന് നാല് മാസം മുമ്പ് ഭരണാനുമതിയും ലഭിച്ചിരുന്നു.
പ്രവൃത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പഴയ ജില്ലാആശുപത്രി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കിയാല്‍ മാത്രമെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്നും മന്ത്രി മറുപടി നല്‍കി. സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി എന്നുള്ളത് കാഞ്ഞങ്ങാടിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
എന്നാല്‍ നിര്‍ദ്ദിഷ്ട കെട്ടിടങ്ങളില്‍ നിലവില്‍ കേന്ദ്രീയ വിദ്യാലയവും നഴ്‌സിങ് സ്‌കൂളും പ്രവര്‍ത്തിച്ചു വരികയാണ്. അവ അനുയോജ്യമായ സ്ഥലങ്ങളിലേക്ക് മാറ്റിയാല്‍ മാത്രമേ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി യാഥാര്‍ഥ്യമാകൂ. നിലവിലെ കെട്ടിടം പൊളിച്ചു നീക്കുന്നതിന് പിഡബ്ല്യുഡിക്ക് പ്രപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതംമൂലം ഏറ്റവും കൂടുതല്‍ അമ്മമാരും കുട്ടികളും രോഗികളായിട്ടുള്ള ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി പ്രത്യേകം ആശുപത്രി സ്ഥാപിക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ ശ്രമം ആരംഭിച്ചതാണ്.
പുതിയകോട്ടയിലുണ്ടായ ജില്ലാ ആശുപത്രി ചെമ്മട്ടംവയലിലേക്ക് മാറ്റിയപ്പോള്‍ പഴയ ആശുപത്രി കെട്ടിടം നവീകരിച്ച് അവിടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സ്ഥാപിക്കാനായിരുന്നു തീരുമാനം.
Next Story

RELATED STORIES

Share it