Flash News

ഭരണാധികാരികള്‍ മാധ്യമങ്ങളെ അകറ്റുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണം: രമേശ് ചെന്നിത്തല

ഭരണാധികാരികള്‍ മാധ്യമങ്ങളെ അകറ്റുന്നത് ഏകാധിപത്യത്തിന്റെ ലക്ഷണം: രമേശ് ചെന്നിത്തല
X


മലപ്പുറം: ഭരണാധികാരികള്‍ മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ശ്രമിക്കുന്നതും അകറ്റിനിര്‍ത്തുന്നതും ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറം ഗൗരി ലങ്കേഷ് നഗറില്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ 54ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ അകറ്റിനിര്‍ത്തുമ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിയും പുറംതിരിഞ്ഞിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാബിനറ്റ് ബ്രീഫിങ് വരെ നടക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് ഭരണാധികാരികളോട് സംവദിക്കാന്‍ അവസരം വേണം. ഇതു നിഷേധിക്കുന്നത്  ജനാധിപത്യവിരുദ്ധമാണ്. മാധ്യമങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം ഭരണാധികാരികള്‍ക്കു നല്ലതല്ല. മാധ്യമപ്രവര്‍ത്തകരോട് 'കടക്ക് പുറത്ത്' എന്നു പറയുന്നതുതന്നെ ധാര്‍ഷ്ട്യമാണ്. ഇത്തരം നിലപാടുകളൊക്കെ ഏകാധിപത്യത്തിലേക്കുള്ള യാത്രയെയാണ് സൂചിപ്പിക്കുന്നത്.
മാധ്യമസ്വാതന്ത്ര്യം നിലനിന്നാല്‍ മാത്രമേ ജനാധിപത്യം നിലനില്‍ക്കൂ. പരസ്യങ്ങള്‍ തരുന്നതിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കുന്ന പ്രവണത ഇപ്പോള്‍ കണ്ടുവരുന്നുണ്ട്. സര്‍ക്കാരിന്റെ പരസ്യങ്ങള്‍ മാധ്യമങ്ങളുടെ അവകാശമാണ്. എന്നാല്‍, ആ പരസ്യം ലഭിക്കുമ്പോള്‍ അതിനനുസരിച്ച് വാര്‍ത്തകള്‍ നല്‍കുന്നത് ഏകാധിപത്യത്തിലേക്കുള്ള പോക്കുതന്നെയാണ്. മാധ്യമപ്രവര്‍ത്തകര്‍ ഇന്നു കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. മാധ്യമങ്ങള്‍ക്കു മേല്‍ കോര്‍പറേറ്റുകള്‍ ആധിപത്യം അടിച്ചേല്‍പിക്കുന്ന സാഹചര്യമാണുള്ളത്. ഇതു രണ്ടു പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതും തങ്ങളുടെ താല്‍പര്യത്തിന് അനുകൂലമായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലേക്കും ഇതെത്തിക്കുന്നു.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ മുഖ്യമന്ത്രി നിസ്സഹായനാവുന്ന അവസ്ഥയാണ് കാണുന്നത്. തര്‍ക്കം ഉടലെടുത്ത സമയത്ത് ഈ പ്രശ്‌നങ്ങളൊക്കെ ഉടനെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് ഇതുവരെ പരിഹാരമായില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷം എല്ലാ സഹായങ്ങളും നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെയുഡബ്ല്യൂജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി വി എസ് സുനില്‍കുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, എ പി അനില്‍കുമാര്‍ എംഎല്‍എ, പി കെ അബ്ദുറബ്ബ് എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, കെയുഡബ്ല്യൂജെ മുന്‍ സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുരേഷ് എടപ്പാള്‍, സംസ്ഥാന കമ്മിറ്റിയംഗം സമീര്‍ കല്ലായി, പി എം ഹുസയ്ന്‍ ജിസ്‌രി സംസാരിച്ചു.

[related]
Next Story

RELATED STORIES

Share it