Flash News

ഭരണസംവിധാനത്തെ വിമര്‍ശിച്ചു, ദുബൈയില്‍ കോണ്‍സുലേറ്റ് ജനറലിന് കോപം

ഭരണസംവിധാനത്തെ വിമര്‍ശിച്ചു, ദുബൈയില്‍ കോണ്‍സുലേറ്റ് ജനറലിന് കോപം
X


ദുബായ് : ഇ അഹ്മദിന്റെ അറബ് മുസ്ലിം രാജ്യങ്ങളുമായുള്ള സൗഹൃദത്തെയും വിദേശകാര്യ വകുപ്പില്‍ അദ്ദേഹം വഹിച്ച പദവികളെയും മുന്‍ നിര്‍ത്തി പുത്തൂര്‍ റഹ്മാന്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ ഭരണകൂടത്തിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍ പ്രകോപിതനായി ഇറങ്ങിപ്പോയി.
പുസ്തകത്തെ കുറിച്ച് നടന്ന സംവാദാത്മകമായ ചര്‍ച്ചയാണ് വിപുലിനെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും അധകൃതരും ജാതി വ്യവസ്ഥയുടെ ഏറ്റവും വലിയ ഇരകളുമായ തോട്ടിപ്പണിക്കാരുടെ സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വന്ന സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ബെസ്‌വാദ വില്‍സണ്‍ ആയിരുന്നു പുസ്തകം പ്രകാശനം ചെയ്യാനെത്തിയ വിശിഷ്ടാതിഥി. മാധ്യമ പ്രവര്‍ത്തക ഭാഷാ സിംഗ് ആയിരുന്നു പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചത്. ഭാഷാ സിംഗ് സംസാരം ആഭിച്ചത് ഇന്നും ഇന്ത്യയില്‍ കൗരക്ഷകരാല്‍ 2 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടായിരുന്നു. ശേഷം അവര്‍ പുസ്തകത്തെ പറ്റി ഹൃസ്വ വിവരണം നടത്തുകയും ശേഷം ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ സഹാചര്യങ്ങള്‍ പരാമര്‍ശിക്കുകയും ചെയ്തു. പശുവിന്റെ പേരിലുള്ള കൊല മുതല്‍ താജ് മഹലിനു നേരെ നടന്ന ആക്രമണം വരെ അവര്‍ പരാമര്‍ശിച്ചു. രാജ്യത്തു ജനാധിപത്യമാണു ഏറ്റവും വെല്ലു വിളി നേരിടുന്നതെന്ന് തുറന്നു പറഞ്ഞു.

ശേഷം സംസാരിച്ച കോണ്‍സുല്‍ ജനറലിന്റെ സംസാരം പ്രധാനമായും ഭാഷാ സിംഗ് പറഞ്ഞതു ശരിയായില്ല എന്ന രീതിയില്‍ ആയിരുന്നു. ഇന്ത്യ പരമാധികാര രാജ്യമാണെന്നും വളര്‍ന്നു കൊണ്ടിരിക്കുന്ന ശക്തിയാണെന്നും പറഞ്ഞ അദ്ദേഹം രാജ്യത്തെ വിമര്‍ശിക്കുന്നത് അപരാധവും അനാദരവുമാണെന്ന് പ്രഖ്യാപനവും നടത്തി. സിസ്റ്റം എന്ന വാക്കാണ് അദ്ദേഹം ആവര്‍ത്തിച്ചു ഉപയോഗിച്ചത്. സിസ്റ്റത്തെ വിമര്‍ശിക്കാന്‍ പാടില്ല, സിസ്റ്റത്തെ ചോദ്യം ചെയ്യുക ഇന്ത്യയുടെ ജനാധിപത്യ സമ്പ്രദായത്തിനു വിലകല്പിക്കാതിരിക്കലാണ്. വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും സിസ്റ്റത്തിന്റെ തകരാറുകള്‍ തീര്‍ക്കാനും രാജ്യത്തു സുപ്രീം കോടതി പോലുള്ള സ്ഥാപനങ്ങള്‍ ഉണ്ട് എന്നുമൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടു. പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ പുസ്തകത്തിന്റെ ഉള്ളടക്കം ആവണം ചര്‍ച്ച എന്നും അല്ലാതെ രാഷ്ട്രീയം പറയുകയല്ല വേണ്ടതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞതോടെ സദസ്സ് നിശ്ശബ്ദമായി.

ശേഷം പുസ്തക പ്രകാശനം ആയിരുന്നു. തുടര്‍ന്നു സംസാരിച്ച ബെസ് വാദാ വില്‍സണ്‍ കോണ്‍സുല്‍ ജനറലിന്റെ വാദങ്ങളെ ഖണ്ഡിച്ചു കൊണ്ട് ചുട്ട മറുപടികള്‍ തന്നെ നല്‍കി. തോട്ടിപ്പണി ചെയ്തിരുന്ന ഒരു സമുദായത്തില്‍ നിന്നും വരുന്ന ഒരാളാണ് ഞാന്‍. മനുഷ്യനു അരക്ഷിതാവസ്ഥയുള്ള പശുക്കള്‍ക്കു സുരക്ഷ ഉറപ്പാക്കുന്ന ഒരു രാജ്യത്തിന്റെ പരമാധികാരം അപഹാസ്യമാണെന്നും നിങ്ങള്‍ പറയുന്ന പരമാധികാരം ആര്‍ക്കു വേണ്ടി ഉള്ളതാണെന്നും ബെവ് സാദ വില്‍സണ്‍ ചോദിച്ചു. രാജ്യം അപകടത്തില്‍ ആണെന്നും അതു പറയുന്നതില്‍ ഒരപകടവുമില്ലെന്നും അതു പറയാനുള്ള അധികാരം ജനങ്ങള്‍ക്കു നല്‍കുന്ന ഭരണഘടന ഇന്ത്യക്കുണ്ടെന്നും അത് അംബേദ്കര്‍ നല്‍കിയ സംഭാവന ആണെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഭാഷയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ സംസാരം. സിസ്റ്റത്തെ ചോദ്യം ചെയ്യാനുള്ള പൗരന്റെ അവകാശത്തെ ചോദ്യം ചെയ്യുകയാണ് അപരാധം എന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

ശേഷം പി.വി അബ്ദുല്‍ വഹാബ് എം.പി ആണ് സംസാരിച്ചത്. സദസ്സ് അപ്പൊഴേക്കും ഒരു വാദപ്രതിവാദ പ്രതീതി ആര്‍ജ്ജിച്ചിരുന്നു.കോണ്‍സുല്‍ ജനറല്‍ സിസ്റ്റത്തിന്റെ ശമ്പളം പറ്റുന്ന ആളാണെന്നും അദ്ദേഹത്തിനു അങ്ങനെ പറയുക അല്ലാതെ നിവൃത്തിയില്ലെന്നും പറഞ്ഞായിരുന്നു  പി.വി അബ്ദുല്‍ വഹാബ് സംസാരം തുടങ്ങിയത്. ശേഷം അബ്ദുല്‍ വഹാബ് എം.പി പാര്‍ലിമന്റിനു അകത്തു എം.പിമാരും പുറത്തു പൗരന്മാരും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന ജനാധിപത്യ സമ്പ്രദായം ആണ് നമ്മുടേതെന്നും അതിനു ഇന്ന ഇന്ന സ്ഥലങ്ങള്‍ എന്ന കണക്കില്ലെന്നും പറഞ്ഞു. ഇതോടെ 7 മണി കഴിഞ്ഞു ബാങ്ക് കൊടുക്കാന്‍ 5 മിനിറ്റ് ബാക്കിയുള്ള സമയത്ത് ആയിരുന്നു കോണ്‍സുല്‍ ജനറലിന്റെ ഇറങ്ങിപ്പോക്ക്.
Next Story

RELATED STORIES

Share it