Districts

ഭരണരംഗത്ത് റെക്കോഡുകള്‍ പലത്; പടിയിറങ്ങിയത് അഴിമതിയുടെ പേരില്‍

കോട്ടയം: സംസ്ഥാന ഭരണ രംഗത്ത് നിരവധി റെക്കോഡുകളുമായി പകരക്കാരനില്ലാത്ത അമരക്കാരനായി തേരോട്ടം നടത്തിയ കെ എം മാണി അവസാനം പടിയിറങ്ങുന്നത് അഴിമതിക്കേസില്‍ കളങ്കിതനായി. നിയമസഭാ സാമാജികത്വ സുവര്‍ണ ജൂബിലി ആഘോഷം നടത്തിയ നേതാവാണ് അപമാനിതനായി പടിയിറങ്ങിയത്.
ആദ്യമായി 1975 ഡിസംബര്‍ 26ന് അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായ കെ എം മാണി, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കോര്‍ഡ് തകര്‍ത്തു. ഏഴ് മന്ത്രിസഭകളിലായി 6061 ദിവസം (17 വര്‍ഷം 7 മാസം) പൂര്‍ത്തീകരിച്ച് 2003 ജൂണ്‍ 22ന് റെക്കോര്‍ഡ് സ്വന്തം പേരിലാക്കി.
പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡ്. അച്യുതമേനോന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി കെ വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു.
ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 9 നിയമസഭകളില്‍ അംഗമായ അദ്ദേഹത്തിന് 4,5,6,7,9,11 എന്നീ ആറ് നിയമസഭകളില്‍ മന്ത്രിയാവാന്‍ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജിവയ്‌ക്കേണ്ടി വന്നു. ഒരു ഇടവേളയ്ക്ക് ശേഷം അതേ മന്ത്രിസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത് തിരച്ചെത്തി.
ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ 12 തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ കാലം നിയമ വകുപ്പും (16.5 വര്‍ഷം) ധനവകുപ്പും കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും കൂടുതല്‍ തവണ (12 തവണ) ബജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡുകളും മാണിയുടെ പേരിലാണ്.
കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപള്ളിയില്‍ കര്‍ഷകദമ്പതികളായിരുന്ന തൊമ്മന്‍ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1933 ജനുവരി 30 നായിരുന്നു കെ എം മാണിയുടെ ജനനം. തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലോ കോളജില്‍നിന്ന് നിയമ ബിരുദം.
ഹൈക്കോടതി ജഡ്ജി പി ഗോവിന്ദമേനോന്റെ കീഴില്‍ 1955ല്‍ കോഴിക്കോട് അഭിഭാഷകനായി ചേര്‍ന്നു. പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായി. 1959ല്‍ കെപിസിസിയില്‍ അംഗമായി. 1964 മുതല്‍ കേരള കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം നിലവില്‍ പാര്‍ട്ടി ചെയര്‍മാനാണ്.
Next Story

RELATED STORIES

Share it