malappuram local

'ഭരണപരാജയം മറയ്ക്കാന്‍ കേന്ദ്രം കൊലപാതക രാഷ്ട്രീയം പയറ്റുന്നു' ; വര്‍ഗീയതയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ ദേശീയ പ്രക്ഷോഭത്തിന്



മലപ്പുറം: മോദി സര്‍ക്കാര്‍ ഭരണ പരാജയം മറയ്ക്കാന്‍ കൊലപാതക രാഷ്ട്രീയം നടപ്പാക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ്. ഇതിന് സംഘപരിവാരത്തിനെ കൂട്ടുപിടിക്കുകയാണ്. മുസ്‌ലിം-ദലിത് വിഭാഗങ്ങളെ വന്‍തോതില്‍ ആക്രമിക്കുകയും കൊന്നൊടുക്കുകയുമാണ്. ജുനൈദിന്റെ മരണം ഇതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രം. ഭരണത്തിലേറും മുമ്പ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്നു പിറകോട്ട് പോയിരിക്കുകയാണ് എന്‍ഡിഎ സര്‍ക്കാര്‍. ഇത് ജനങ്ങളില്‍ നിന്നു മറച്ചുപിടിക്കാന്‍ വര്‍ഗീയ രാഷ്ട്രീയം പ്രവര്‍ത്തിക്കുകയാണ്. ദലിതുകളേയും മുസ്‌ലിംകളേയുമാണ് ഇതിന് കേന്ദ്ര സര്‍ക്കാര്‍ സംഘപരിവാരങ്ങളുടെ താല്‍പര്യത്തോടെ ഇരകളാക്കുന്നത്. വര്‍ഷത്തില്‍ ഒരുകോടി യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയതാണ് മോദി സര്‍ക്കാര്‍. ഭരണം മൂന്നു വര്‍ഷം പിന്നിടുമ്പോഴും ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടില്ല. കര്‍ഷകരും തൊഴിലാളി വര്‍ഗങ്ങളും ഈ വാഗ്ദാനങ്ങളുടെ ഇരകളാണ്. കേന്ദ്ര ഭരണത്തില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും നല്‍കിയ വാഗ്ദാനങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ബോധപൂര്‍വമാണ് അതിക്രമങ്ങള്‍ നടപ്പാക്കുന്നത്. ഇതിനെതിരേ ദേശവ്യാപകമായി ജനാവബോധമുണര്‍ത്താന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും റിയാസ് വ്യക്തമാക്കി. അടുത്തമാസം എട്ടിന് ഡല്‍ഹിയില്‍ ദേശീയ പ്രക്ഷോഭത്തിന് തുടക്കമിടും. അഞ്ചു മുതല്‍ 12 വരെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയതയ്ക്കും വാഗ്ദാന ലംഘനങ്ങള്‍ക്കുമെതിരേ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ സംഘപരിവാര താല്‍പര്യത്തോടെ നടപ്പാക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ദേശീയ മനുഷ്യവകാശ കമ്മീഷന് പരാതി നല്‍കും. ദേശീയ അധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസിനൊപ്പം മലപ്പുറം ജില്ലാ പ്രസിഡന്റ് എം ബി ഫൈസല്‍, സെക്രട്ടറി അബ്ദുല്ല നവാസ് വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it