ഭരണത്തുടര്‍ച്ചയ്ക്കായി പ്രയത്‌നിക്കണം: സുധീരന്‍

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ അഭിപ്രായഭിന്നതകള്‍ മാറ്റിവച്ച് ഭരണത്തുടര്‍ച്ചയ്ക്കായി എല്ലാവരും പ്രയത്‌നിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ 130ാം ജന്മവാര്‍ഷികം പ്രമാണിച്ചുള്ള സമ്മേളനം ഇന്ദിരാഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച യാഥാര്‍ഥ്യമാവും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കേരള സന്ദര്‍ശനം പാര്‍ട്ടിക്ക് പുത്തനുണര്‍വേകും. ഇന്ത്യയില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഭരണത്തില്‍നിന്നു മാറിയപ്പോള്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പോലും അവകാശം നിഷേധിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരിക്കുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവുകാരാണ് ഇപ്പോഴും ചില സിപിഎം നേതാക്കള്‍. കോണ്‍ഗ്രസ് ഇല്ലാതെ ഒരു മതേതര ബദല്‍ ഇന്ത്യയില്‍ രൂപീകരിക്കുക എന്നത് അസാധ്യമാണ്. പ്ലീനം നടത്തി രക്ഷപ്പെടാവുന്ന അവസ്ഥയല്ല സിപിഎമ്മിനുള്ളത്.
ഇന്ത്യയില്‍ ഇടതുപക്ഷകക്ഷികളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധവും അവസരവാദരാഷ്ട്രീയവും വര്‍ഗീയശക്തികളുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു എന്നത് യാഥാര്‍ഥ്യമാണ്. 1977ല്‍ ജനസംഘവുമായും പിന്നീട് വി പി സിങ് സര്‍ക്കാരിന് അനുകൂലമായി ബിജെപിക്കൊപ്പവും സിപിഎം നിലകൊണ്ടു. ഏറ്റവുമൊടുവില്‍ ബിഹാറില്‍ ജനാധിപത്യമതേതര മഹാസഖ്യത്തിനെതിരായ നിലപാടെടുത്ത് ബിജെപിയെ സഹായിച്ചു.
സിപിഎമ്മിന്റെ ഈ നിലപാടുമൂലം അവിടെ 10 സീറ്റിലെങ്കിലെങ്കിലും ബിജെപിക്ക് അധികവിജയം നേടാനായി. കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിക്കൊണ്ട് മതേതരജനാധിപത്യ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ല. ബിജെപിക്കും മോദിഭരണത്തിനുമെതിരേ പടപൊരുതി മുന്നോട്ടുപോവാന്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയൂ. അഖിലേന്ത്യാതലത്തില്‍ ബിജെപിക്കുണ്ടായ വിജയത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയം നേടിക്കൊണ്ടിരിക്കുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. കെപിസിസി വൈസ് പ്രസിഡന്റ് എന്‍ പീതാംബരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെസി ജോസഫ്, വിഎസ് ശിവകുമാര്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it