ഭരണത്തിന്റെ ഒന്നാം പിറന്നാള്‍

ഭരണത്തിന്റെ ഒന്നാം പിറന്നാള്‍
X


ഒരുവശത്ത് പിണറായി ഭരണത്തിന്റെ ഒന്നാം പിറന്നാള്‍ ആഘോഷം. മറുവശത്ത് പ്രതിപക്ഷ കക്ഷികളുടെ കൂട്ടത്തല്ല്. പിറന്നാളിനു 48 മണിക്കൂര്‍ മുമ്പേ തുടങ്ങിയിരുന്നു സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്രളയം- കോണ്‍ഗ്രസ്, ബിജെപി കക്ഷികളുടെ വാലുകള്‍. എന്തായിരുന്നു അതിനുള്ള പ്രകോപനം? നാലാളു കേട്ടാല്‍ തരക്കേടില്ലാത്ത ഒരൊറ്റ പ്രമേയം പോലുമുണ്ടായിരുന്നില്ല സമരക്കാര്‍ക്ക്. നാടിന്റെ വല്ല നീറുന്ന പ്രശ്‌നമോ പ്രയാസമോ അല്ല ചേതോവികാരം. സര്‍ക്കാരിന്റെ വാര്‍ഷികത്തിന് പ്രതിപക്ഷം എന്ന നിലയില്‍ ചില്ലറ അലമ്പുണ്ടാക്കുക. അങ്ങനെ ഭരണം അലമ്പാണെന്നു ധ്വനിപ്പിക്കുക. ചുരുക്കത്തില്‍, സമരത്തിനു വേണ്ടിയുള്ള സമരം. ഇതേ കോണ്‍ഗ്രസ്സും ബിജെപിയുമാണ്, കേരളത്തില്‍ നിക്ഷേപം വരാത്തത് സമരങ്ങള്‍ മൂലമാണെന്ന കച്ചേരി സ്ഥിരമായി നടത്തുന്നത്. അതു മുതലാക്കി നാട്ടിലെ വിദ്യാഭ്യാസവാണിഭക്കാര്‍ കാംപസ് രാഷ്ട്രീയം വിലക്കി. മാധ്യമങ്ങള്‍ അതിനു കുടപിടിച്ചു. അങ്ങനെ സ്വകാര്യ മേഖലയില്‍ രാഷ്ട്രീയമില്ലാത്ത വകയില്‍ മാനേജ്‌മെന്റുകളുടെ താന്തോന്നിത്തം കിരീടം വച്ചു. ഇടിമുറി എന്ന ഭീകരപ്രവര്‍ത്തനം വരെ പ്രാബല്യത്തിലായി. അതില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ പോകുന്ന നിലയെത്തിയപ്പോള്‍ ഇതേ സമരവിരുദ്ധര്‍ കണ്ടുപിടിച്ച ന്യായമാണ് ന്യായം: കാംപസില്‍ വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്തത് പ്രശ്‌നമാവുന്നു! ഇക്കൂട്ടരുടെ കൈയില്‍ സമരമെന്നല്ല ഏത് ഉരുപ്പടിയും കുരങ്ങന്റെ കൈയിലെ പൂമാലയാവും. അതതു നേരത്തെ കമ്പക്കെട്ടിനുള്ള വക. കേരളത്തില്‍ കഴിഞ്ഞ ഒരു കൊല്ലമായുള്ള കലാപരിപാടി എടുക്കുക. വോട്ടുകച്ചോടക്കാരായി കാലക്ഷേപം ചെയ്തുവന്ന ബിജെപിക്ക് ഇനി സ്വന്തം കാലില്‍ നില്‍ക്കണം; പ്രതിപക്ഷത്തിന്റെ കസേരയില്‍ കയറിപ്പറ്റണം. അതിനുള്ള ആക്രാന്തമാണ് കുറേക്കാലമായി പ്രകടിപ്പിക്കുന്നത്. പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തയുടനെ ടിയാന്റെ ജന്മനാട്ടില്‍ അവര്‍ കണ്ണൂര്‍കൊലയുടെ പുതിയ എപ്പിസോഡ് തുടങ്ങി. തിരിച്ചടിക്കുള്ള വകയൊപ്പിക്കാന്‍ വേണ്ടിയുള്ള അടി. മോങ്ങാനിരിക്കുന്ന നായയുടെ തലയില്‍ തേങ്ങയൊന്നു വീണിരുന്നെങ്കില്‍ എന്ന മട്ടിലാണ് കണ്ണൂര്‍ സഖാക്കള്‍. അടിക്കേണ്ട, ഒന്നോങ്ങിയാല്‍ മതി, തിരിച്ചടി തുടങ്ങും. സംഘികള്‍ ഇച്ഛിക്കുന്നതും അതുതന്നെ. ഉടനടി ദേശീയ മോങ്ങലായി, പെരുമ്പറയായി: കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു, പട്ടാളത്തെ ഇറക്കണം ഇത്യാദി. ജനാധിപത്യം, ഫെഡറലിസം തുടങ്ങി രാഷ്ട്രീയപരമായ പ്രമേയങ്ങളൊന്നുമില്ല; കേന്ദ്രാധികാരം കൈയിലുള്ളതിന്റെ തറമൂച്ച്. രാഷ്ട്രീയ ഹൃദയം ഈ നിലവാരത്തിലായതിനാല്‍ തൊട്ടതിനും തൊടാത്തതിനുമൊക്കെ സമരം. ടി സമരത്തിനു രാഷ്ട്രീയ ഉള്ളടക്കം ശൂന്യം അല്ലെങ്കില്‍ കൃത്രിമം. ഒരു ഉദാഹരണം പറയാം: എംസി റോഡില്‍ ചെങ്ങന്നൂരിനടുത്ത് പമ്പയാറിനു മീതെ ഒരു പാലമുണ്ട്. ബ്രിട്ടിഷ്‌രാജ് കാലത്ത് കെട്ടിയ പാലത്തിനു കുഴപ്പമൊന്നുമില്ല. റോഡ് വീതി കൂട്ടിയ വകയില്‍ പുതിയൊരു പാലം സമാന്തരമായി വന്നു. അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ അവിടെയുള്ള ഒരു പഴയ കുരിശടി പൊളിക്കണം. കെഎസ്ഡിപി പണി ഏറ്റെടുത്ത കാലത്തുതന്നെ കുരിശടി നീക്കാനുള്ള ധാരണ ബന്ധപ്പെട്ട പള്ളിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയിരുന്നു; നഷ്ടപരിഹാരക്കാശും കൊടുത്തു. പാലംപണി പൂര്‍ത്തിയായപ്പോള്‍ പക്ഷേ കെഎസ്ഡിപി പറഞ്ഞു: കുരിശടി സര്‍ക്കാര്‍ പൊളിച്ചുതരണം. കാരണം, പിണറായി വിജയന്റെ പുതിയ കുരിശുപ്രേമവും അതിന്‍മേലുള്ള ഗിരിപ്രഭാഷണവും അവരും കേട്ടിരുന്നു. സര്‍ക്കാര്‍ യന്ത്രമല്ലേ? ആര്‍ഡിഒയുടെ കല്‍പനയും മരാമത്തു സാറന്മാരുടെ എഴുന്നള്ളത്തുമുണ്ടാവാന്‍ സ്വാഭാവികമായുള്ള താലതാമസം. ഒടുവില്‍ പൊളിക്കല്‍ തിയ്യതി പ്രഖ്യാപിച്ചു. പൊടുന്നനെ കുറേ ബാനറും ഫഌക്‌സുമൊക്കെ പാലത്തിന്‍മേല്‍ ഉയരുന്നു. തുടര്‍ന്ന് സംഘികളുടെ മുദ്രാവാക്യം വിളികളും- കുരിശടി ഉടനെ പൊളിക്കണമെന്ന്. തിടുക്കത്തിലുള്ള ഈ ഏകദിന അഭ്യാസത്തിന്റെ ഇംഗിതം ലളിതം: തങ്ങള്‍ ഇടപെട്ടതുകൊണ്ടാണ് കുരിശടി പൊളിച്ച് റോഡ് പൂര്‍ത്തിയാക്കുന്നത്. ഒപ്പം, പിന്നിലുള്ള വര്‍ഗീയ മൈലേജ് ബോണസും. ഇമ്മാതിരി ഏഭ്യത്തരം ഒരു ദേശീയകക്ഷി നിത്യാഭ്യാസമാക്കുന്നത് കേരളത്തില്‍ പ്രതിപക്ഷമാവാനുള്ള അവരുടെ ആധിയാണെങ്കില്‍ ഇതിലും രസകരമാണ് നമ്മുടെ മുത്തശ്ശിപ്പാര്‍ട്ടിയുടെ പരവേശം. കഴിഞ്ഞ തിരഞ്ഞെടുപ്പ് തോറ്റതു മുതല്‍ കോണ്‍ഗ്രസ്സിനു സമനില പോയി. സിപിഎമ്മിന്റെ ഭരണമല്ല, ബിജെപിയുടെ സാന്നിധ്യമാണ് ഗാന്ധിയന്‍മാരുടെ പ്രശ്‌നം. തങ്ങളാണ് ശരിയായ പ്രതിപക്ഷമെന്നു നിത്യവും വിളിച്ചുപറയേണ്ട ഗതികേട്. അല്ലാത്തപക്ഷം ആ കസേര നഷ്ടപ്പെടും. ഈ മരണവെപ്രാളത്തില്‍ ആദ്യമെടുത്ത സമരം തന്നെ നോക്കുക: സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ ഫീസ് പ്രശ്‌നം. ഉപ്പുസത്യഗ്രഹത്തിനു ഗാന്ധി പോയ മട്ടിലാണ് യൂത്ത് നേതാക്കള്‍ നിയമസഭയില്‍ ഉണ്ണാവ്രതം പ്രഖ്യാപിച്ചത്. നാട്ടിലെ പള്ളിക്കൂടങ്ങള്‍ പലതും പൂട്ടിപ്പോവുന്നതൊന്നുമല്ല ഇഷ്ടന്മാര്‍ക്ക് ജീവല്‍പ്രശ്‌നം, നാനൂറില്‍ താഴെ മാത്രം വരുന്ന കുട്ടിഡോക്ടര്‍മാരുടെ ഫീസാണ്. സ്വാശ്രയപ്പീടിക തുറന്നുകൊടുത്ത് പ്രഫഷനല്‍ വിദ്യാഭ്യാസം അലമ്പാക്കിയ വിദ്വാന്‍മാരാണ് ഈ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുന്നതെന്ന് ഓര്‍ക്കണം. ഖദര്‍ ഉടുത്തു ശീലമില്ലാത്ത യുവഗാന്ധിമാര്‍ രണ്ടു ദിവസം പട്ടിണി കിടന്നപ്പോഴേ ആശുപത്രി കയറി, പകരം ആളെ വച്ചു. കലാപരിപാടി ദീര്‍ഘിച്ചുപോയിരുന്നെങ്കില്‍ എന്തായേനെ കഥ. ഇതേ കഥാപാത്രങ്ങളാണ് അടുത്തിടെ വീണ്ടും സ്വാശ്രയ ഫീസ് കേസുകെട്ടുമായി ഒച്ചപ്പാടുണ്ടാക്കിയത്. ഇക്കുറി മെഡിക്കല്‍ പിജിയായി ദേശീയ ഉല്‍ക്കണ്ഠ. ഒരുമാതിരിപ്പെട്ട മണ്ടത്തരങ്ങളൊക്കെ വിളമ്പി സ്വയം വിവസ്ത്രരായി. തലവരിപ്പണമടക്കം ഒട്ടുമിക്ക സ്വാശ്രയ തരവഴിക്കും സുപ്രിംകോടതി മൂക്കുകയറിട്ടിരിക്കെ ചുമ്മാ സമരത്തിനു വേണ്ടി ഒരു സമരം. ഈ ശൈലി കേവലം യാദൃച്ഛികമല്ലെന്നും സംഗതി പാര്‍ട്ടിക്ക് മൊത്തത്തിലുള്ള സൂക്കേടാണെന്നും തെളിയിക്കുന്നതാണ് സാക്ഷാല്‍ പ്രതിപക്ഷ നേതാവിന്റെ പ്രകടന പരമ്പര. എവിടെയെങ്കിലുമൊരു പുക കണ്ടാല്‍ ഉടനെ ടിയാന്‍ സ്ഥിരം വെടിയുതിര്‍ക്കും: പിണറായി രാജിവയ്ക്കണം. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ എട്ടും പൊട്ടും തിരിയാതെ ഹരിപ്പാട്ട് ഉണ്ണാവ്രതം, രഘുപതി രാഘവ രാജാറാം. കൊട്ടിഘോഷത്തോടെ തുടങ്ങിയ ഏര്‍പ്പാട് എപ്പോള്‍ കര്‍ട്ടനിട്ടെന്ന് ആര്‍ക്കുമറിയില്ല. മൂന്നാറിലെ കൈയേറ്റം-കുടിയേറ്റം അക്ഷരശ്ലോകത്തില്‍ പ്രത്യേകിച്ചൊരു ശ്ലോകവും തിരിയാതെ തലചുറ്റിയിരിക്കുമ്പോഴാണ് എം എം മണിയുടെ വാമൊഴിക്കേസ്. ഉടനെ മൂന്നാറിലേക്കു വിട്ടു; പൊമ്പിളൈ ഒരുമൈയുടെ തണലില്‍ കുളം കലക്കാന്‍ നോക്കി. പൊമ്പിളൈ പോയ വഴിയില്‍ പുല്ലു കുരുക്കാതായപ്പോള്‍ മൂന്നാര്‍ പ്രശ്‌നം തന്നെ വിഴുങ്ങി. കഥയില്ലാത്ത ആട്ടങ്ങള്‍ അങ്ങനെ തുടരുകയാണ്. സമരങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവാത്തതിനു ടിയാന്‍ ഒരു കാരണവും കണ്ടുപിടിച്ചു: പിണറായി ഭരണത്തില്‍ തുടരന്‍ പ്രശ്‌നങ്ങളല്ലേ വരുന്നത്; ഒന്നു തീരും മുമ്പ് അടുത്തത്? ഇപ്പറയുന്ന 'ഒന്ന്' എവിടെ തീര്‍ന്നെന്നാണ്? ആ ഒന്ന് വാസ്തവത്തിലൊരു പ്രശ്‌നമായിരുന്നെങ്കില്‍ അത് എങ്ങനെയാണ് വഴിയില്‍ ഉപേക്ഷിക്കുക? പ്രത്യേകിച്ചൊരു യുക്തിസഹമായ പരിണതി അല്ലെങ്കില്‍ തീര്‍പ്പ് ഉണ്ടാവണമെങ്കില്‍ സമരപ്രമേയത്തിനു കാമ്പുണ്ടായിരിക്കണം. തുടങ്ങും മുമ്പുതന്നെ സമരത്തിന്റെ ദിശ നിശ്ചയിക്കണം. കൊണ്ടുനടക്കാനുള്ള ക്ഷമയും സ്ഥൈര്യവും വേണം. സര്‍വോപരി സമരത്തിനു രാഷ്ട്രീയ ഉള്ളടക്കമുണ്ടാവണം. പ്രതിപക്ഷസ്ഥാനത്തിനു വേണ്ടി മാത്രമുള്ള വടംവലിയില്‍ ഇപ്പറഞ്ഞ ഉരുപ്പടികളൊന്നുമില്ല. അതുകൊണ്ടുതന്നെ പിണറായി സര്‍ക്കാര്‍ ശക്തമായ പ്രതിപക്ഷ സ്‌ക്രീനിങിനു വിധേയമാകാതെ ഊരിപ്പോവുന്നു.                        (അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it