ഭരണഘടനാ സംരക്ഷണം: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ശീതസംഭരണിയില്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ എല്ലാ അംഗങ്ങള്‍ക്കും തുല്യ ഭരണഘടനാ സംരക്ഷണം നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം സര്‍ക്കാര്‍ ശീതസംഭരണിയില്‍ തള്ളി.
ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നാണ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നീക്കുന്നതുമായി ബന്ധപ്പെട്ട് തുല്യമായ സംരക്ഷണം യാഥാര്‍ഥ്യമാക്കുന്നതിന് ഭരണഘടനയുടെ 324(5)ാം വകുപ്പ് ഭേദഗതി ചെയ്യണമെന്നും അതിനുമുമ്പ് ഇക്കാര്യത്തില്‍ രാഷ്ട്രീയ സമവായം ആവശ്യമാണെന്നും നിയമമന്ത്രാലയം കമ്മീഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും പ്രാദേശിക കമ്മീഷണര്‍മാരെയും നിയമിച്ചു കഴിഞ്ഞാല്‍ അവരുടെ കാലാവധി കഴിയാതെ മാറ്റാനാവില്ല. ഇക്കാര്യം സുപ്രിംകോടതി ശരിവച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍മാരെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാന്‍ കുറ്റവിചാരണ വഴി പാര്‍ലമെന്റിന് മാത്രമാണ് അധികാരം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാര്‍ശയില്‍ രാഷ്ട്രപതിക്ക് കമ്മീഷണര്‍മാരെ നീക്കംചെയ്യാം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിന് സമാനമായ നടപടി ക്രമങ്ങള്‍, രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും ബാധകമാക്കണമെന്ന് ഉന്നത നിയമമന്ത്രാലയ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ജനുവരി അഞ്ചിന്റെ യോഗത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷണര്‍ ഒ പി റാവത്തും യോഗത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നു നടന്ന യോഗത്തിലാണ് തുല്യ സംരക്ഷണത്തിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
1995ല്‍ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷനും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന കേസില്‍ സുപ്രിംകോടതി ഉത്തരവ് അധികൃതര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ശുപാര്‍ശയില്ലാതെ കമ്മീഷണര്‍മാരെ പുറത്താക്കാനാവില്ലെന്നാണ് ഭരണഘടനയുടെ 324(5)ാം വകുപ്പ് പരിശോധിച്ച ശേഷം സുപ്രിംകോടതി വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it