Kollam Local

ഭരണഘടനാ വിരുദ്ധമായ മുത്തലാഖ് ബില്‍ പിന്‍വലിക്കണം: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: സാധാരണ നടപടിക്രമങ്ങളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ച് ഒരേ ഇരിപ്പില്‍ പാസാക്കിയ മുത്തലാഖ് ബില്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള മുസ്‌ലീം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്രീമിലയര്‍ പരിധി എട്ട് ലക്ഷമാക്കി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ കേരള സര്‍ക്കാരിന്റെ സമീപനം തിരുത്തി എട്ടു ലക്ഷമാക്കി നിജപ്പെടുത്തി നടപ്പിലാക്കണമെന്നും യോഗം കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. വഖഫ് ബോര്‍ഡ് നിയമനം യാതൊരു കാരണവശാലും പിഎസ്‌സിക്ക് വിടരുതെന്നും അത് സര്‍ക്കാരിന് പ്രാതിനിധ്യമുള്ള പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ മേല്‍ നോട്ടത്തില്‍ നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു. കേരളത്തിലെ നിയമനങ്ങളില്‍ സംവരണം പാലിക്കാതെ നടത്തണമെന്നുള്ള നിര്‍ദ്ദേശം അടിയന്തിരമായി പിന്‍വലിക്കുകയും എല്ലാ നിയമനങ്ങളിലും സംവരണ തത്വം പൂര്‍ണ്ണമായും പാലിക്കുകയും ചെയ്യണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. ഓഖി ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി അനുശോചനം രേഖപ്പടുത്തുകയും ദുരിതമനുഭവിക്കുന്നവര്‍ക്ക് പരമാവധി ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്ന് എല്ലാ വിഭാഗക്കാരോടും യോഗം ആഹ്വാനം ചെയ്തു. ലോകസഭ പാസ്സാക്കിയ മുത്തലാഖ് ബില്ലിനെതിരേ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുവാനും യോഗം തീരുമാനിച്ചു.  ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദ്, എം എ സമദ്, എ യൂനുസ്‌കുഞ്ഞ് എക്‌സ് എംഎല്‍എ.,  തേവലക്കര അലിയാര് കുഞ്ഞ് മൗലവി, പാങ്ങോട് എ ഖമറുദ്ദീന്‍ മൗലവി, മേക്കോണ്‍ അബ്ദുല്‍ അസീസ്, കുളത്തൂപുഴ സലീം, പുനലൂര്‍ അബ്ദുല്‍ റഷീദ്, കണ്ണനെല്ലൂര്‍ നിസാമുദ്ദീന്‍, വൈ ഉമറുദ്ദീന്‍, അഡ്വ. നൗഷാദ്, പത്തനംതിട്ട ഷാജഹാന്‍ ഹാജി, ജമാലുദ്ദീന്‍ മൗലവി, ഇമാമുദ്ദീന്‍, താജുദ്ദീന്‍, പീരുമേട് അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it