ഭരണഘടനാ ഭേദഗതി ക്കൊരുങ്ങി ഓങ്‌സാന്‍ സൂച്ചി

നേപിഡോ: മ്യാന്‍മറില്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങി ദേശീയ ഉപദേശക ഓങ്‌സാന്‍ സൂച്ചി. അഞ്ചു പതിറ്റാണ്ടിലധികം നീണ്ട പട്ടാള ഭരണകാലത്ത് നിലനിന്ന ഭരണഘടനയില്‍ മാറ്റം വരുത്തി ജനാധിപത്യത്തിന് അനുസൃതമാക്കുമെന്ന് സൂച്ചി അറിയിച്ചു. ബുദ്ധമത പുതുവര്‍ഷാരംഭത്തോടനുബന്ധിച്ച് ദേശീയ ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. യഥാര്‍ഥത്തിലുള്ള ജനാധിപത്യ രാജ്യത്തിനു ജന്മം നല്‍കുന്ന ഭരണഘടനയാണ് വേണ്ടത്. അതിനായി ഭരണഘടനാ ഭേദഗതികള്‍ ആവശ്യമുണ്ട്- സൂച്ചി പറഞ്ഞു. എന്നാല്‍, ഭരണഘടനയില്‍ മാറ്റം വരുത്തുന്നതില്‍ സൂച്ചിക്കു മുന്നില്‍ സൈന്യം വിലങ്ങുതടിയാവും. പാര്‍ലമെന്റിലും സര്‍ക്കാരിലുമുള്ള അധികാരം ഉപയോഗിച്ച് ഭേദഗതി നീക്കങ്ങളെ സൈന്യം എതിര്‍ക്കാന്‍ സാധ്യതയുണ്ട്.
54 വര്‍ഷം നീണ്ട പട്ടാളഭരണത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് സൂച്ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വിജയിച്ചത്. കഴിഞ്ഞമാസം 30ന് പാര്‍ട്ടി നേതാവും സൂച്ചിയുടെ വിശ്വസ്തനുമായ ഹിതിന്‍ ച്യോയെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ഭരണഘടനാപരമായ വിലക്കുകള്‍ നിലനില്‍ക്കുന്നതിനാലാണ് സൂച്ചിക്ക് പ്രസിഡന്റ് സ്ഥാനത്തെത്താന്‍ കഴിയാതിരുന്നത്. ഈ മാസം ആദ്യം ദേശീയ ഉപദേഷ്ടാവ് എന്ന പുതുതായി സൃഷ്ടിച്ച പദവിയില്‍ സൂച്ചി നിയമിതയായി.
Next Story

RELATED STORIES

Share it