ഭരണഘടനയെ ജീവന്‍ കൊടുത്തും സംരക്ഷിക്കുക: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: ഒരു മതത്തിനും പ്രത്യേക പരിഗണന നല്‍കാത്തതും എന്നാല്‍, ബഹുമതത്തെ അംഗീകരിക്കുന്നതുമായ ഭരണഘടനയെ ജീവനുതുല്യം സ്‌നേഹിക്കാനും ജീവന്‍ കൊടുത്തും അതിനെ സംരക്ഷിക്കാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞ പുതുക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഫതഹുദ്ദീന്‍ റഷാദി. തിരുവനന്തപുരം ടെസ്റ്റ് ബില്‍ഡിങില്‍ സംഘടിപ്പിച്ച റിപബ്ലിക് ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയെ അംഗീകരിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ വകവച്ചുകൊടുക്കുകയും ചെയ്യുന്ന ഭരണഘടന ഇല്ലാത്തതായിരുന്നു സോവിയറ്റ് യൂനിയന്‍ പോലുള്ള സാമ്രാജ്യങ്ങള്‍ തകര്‍ന്നടിയാനുള്ള കാരണം.
മതസ്വാതന്ത്ര്യത്തെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മുഴുവന്‍ ശക്തികള്‍ക്കും അതൊരു പാഠമാണ്. ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശങ്ങളും അതിന്റെ ശരിയായ പരിപാലനവുമാണ് മറ്റ് ഏതു ജനാധിപത്യ ഭരണഘടനയെയും അപേക്ഷിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത. വര്‍ത്തമാനകാലത്ത് ഇന്ത്യന്‍ ഭരണഘടനയുടെ പ്രസക്തി എന്തെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. മതപരമായ മൗലികബോധവും ചിന്തയുമുള്ളവരാണ് ഇന്ത്യയിലെ ഓരോ മതസമൂഹവും. അതോടൊപ്പം, രാജ്യത്തിന്റെ പൊതുവായ സഹിഷ്ണുതയും ചിന്താധാരയും പരിഗണിച്ചാണ് നാം മുന്നോട്ടുപോവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, നജ്മുദ്ദീന്‍ മൗലവി, സ്വാലിഹ് മൗലവി, ഫൈസല്‍ മൗലവി, അബ്ദുല്‍ ജലീല്‍ സഖാഫി സംസാരിച്ചു.
Next Story

RELATED STORIES

Share it