malappuram local

ഭരണകേന്ദ്രങ്ങളുടെ കനിവു കാത്ത് ഗ്രാമീണര്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: പുല്‍പറ്റ ഗ്രാമപഞ്ചായത്തില്‍ തൃപ്പനച്ചിയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി നിര്‍ത്തുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാവുന്നു. ഉള്‍നാടന്‍ പ്രദേശമായ പുല്‍പറ്റ സര്‍ക്കാര്‍ ആശുപത്രിയില്‍ പനി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സായാഹ്ന ഒപി ആരംഭിച്ചത്. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം ആറു വരെയുള്ള ഒപി ഗ്രാമീണ ജനതക്ക് വലിയ ആശ്വസമാണ്. ദിനംപ്രതി 50 മുതല്‍ 100 വരെ രോഗികളാണ് സായാഹ്ന ഒപിയില്‍ ചികില്‍സ തേടി എത്തുന്നത്. രാവിലെയുള്ള ഒപിയിലെത്തുന്ന ശരാശരി 220 രോഗികള്‍ക്ക് പുറമെയാണിത്.
ഒരു ഡോക്ടറും ഫാര്‍മസിസ്റ്റുമാണ് സായാഹ്ന ഒപിയുടെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോവുന്നത്. ഗ്രാമപ്പഞ്ചായത്ത് താല്‍കാലികാടിസ്ഥാനത്തില്‍ നിയമിച്ചവരാണിവര്‍. ജുലൈ മാസം തുടങ്ങിയ പദ്ധതിയില്‍ ആദ്യ മാസം പിന്നിട്ട ശേഷം ഡോക്ടര്‍ക്കും ഫാര്‍മസിസ്റ്റിനും ശമ്പളവും പൂര്‍ണമായി നല്‍കിയിട്ടില്ല.
സാധാരണക്കാരായ ഗ്രാമീണര്‍ തിങ്ങിപാര്‍ക്കുന്ന മേഖലയില്‍ തൃപ്പനച്ചിയിലെ ഒപി സമയം കഴിഞ്ഞാല്‍ രോഗികള്‍ക്ക് ആശ്രയം മഞ്ചേരി മെഡിക്കല്‍ കോളജ് മാത്രമാണ്. പുല്‍പറ്റ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രോഗികള്‍ക്ക് മഞ്ചേരിയിലെത്തുക ശ്രമകരമാണ്.  ഈ ഘട്ടത്തിലാണ് സായാഹ്ന ഒപി നിര്‍ത്തരുതെന്ന ജനകീയ ആവശ്യം ശക്തമാവുന്നത്.
ഒപി നിര്‍ത്തുന്നതിനെതിരേ എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റിയും രംഗത്ത് വന്നിട്ടുണ്ട്. ഡോക്ടറടക്കമുള്ള ജീവനക്കാരെ നിയമിക്കാന്‍ പഞ്ചായത്ത് ഫണ്ടില്ലെങ്കില്‍ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാരെ തൃപ്പനച്ചി പിഎച്ച്‌സിയിലേയ്ക്ക് പരിഗണിക്കാന്‍ നടപടി വേണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കുപകാരപ്രദമായ സംവിധാനം നിര്‍ത്തരുതെന്നാവശ്യപ്പെട്ട് ഇന്ന് ഗ്രാമപ്പഞ്ചായത്ത് അധ്കൃതര്‍ക്ക് എസ്ഡിപിഐ കമ്മറ്റി നിവേദനം നല്‍കും. നടപടിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിയ്ക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം പൂക്കൊളത്തൂര്‍, സെക്രട്ടറി പി റഷീദ് തൃപ്പനച്ചി, അവി കുരുണിയന്‍, ഷാജഹാന്‍ തൃപ്പനച്ചി, നാസര്‍ പുല്‍പറ്റ അറിയിച്ചു.
Next Story

RELATED STORIES

Share it