Flash News

ഭരണകൂട ഉച്ചകോടിക്ക് ഇന്ന് ദുബയില്‍ തുടക്കം

ദുബയ് : ദുബയ്  സമൂഹത്തിന് വേഗത്തിലും ഗുണപരമായും എങ്ങനെ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന ലക്ഷ്യത്തോടെ 'ഭാവി സര്‍ക്കാരുടെ രൂപപ്പെടുത്തല്‍' എന്ന ശീര്‍ഷകത്തില്‍ ഭരണകൂട ഉച്ചകോടിക്ക് ഇന്ന് മദീനത് ജുമൈറയില്‍ തുടക്കമാകും. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ വീഡിയോയിലൂടെ അഭിസംബോധന ചെയ്യും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ്് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമുള്ള ഉച്ചകോടി ഐക്യരാഷ്ട്ര സഭ, അറബ് ലീഗ്, ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സില്‍, വേള്‍ഡ് ബാങ്ക്, ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോര്‍പറേഷന്‍ ആന്റ് ഡവലപ്‌മെന്റ്, വേള്‍ഡ് എക്കണോമിക് ഫോറം എന്നിവയുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്. വര്‍ഷം തോറും ദുബയില്‍ ഉച്ചകോടി നടത്തി വരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉച്ചകോടി പല നിലയിലും ശ്രദ്ധേയമായിരുന്നുവെന്ന് സംഘാടക സമിതി ചെയര്‍മാനും കാബിനറ്റ്കാര്യ മന്ത്രിയുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഖര്‍ഖവി പറഞ്ഞു. വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം, യു.എന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജാന്‍ എലിയാസണ്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ നബീല്‍ അല്‍ അറബി തുടങ്ങിയവര്‍ സംസാരിക്കും. 10 മേഖലകളില്‍ ഭരണ നിര്‍വഹണത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണമെന്നത് ഉച്ചകോടി ചര്‍ച്ച ചെയ്യും. 125 രാജ്യങ്ങളില്‍ നിന്ന് 3,000 പേര്‍ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭരണാധികാരികള്‍ അടക്കം നിരവധി പേര്‍ പങ്കെടുക്കുന്ന ഭരണകൂട ഉച്ചകോടി മിഡില്‍ ഈസ്റ്റിലെ തന്നെ എണ്ണപ്പെട്ട പരിപാടിയാണ്. ഈ മാസം 10ന് ഉച്ചകോടി സമാപിക്കും.
Next Story

RELATED STORIES

Share it