Flash News

ഭരണകൂടത്തിന് താക്കീതായി എസ്പി ഓഫിസിലേക്ക് എസ് ഡിപിഐ മാര്‍ച്ച്



കോട്ടയം: ഹാദിയയ്ക്ക് ഹൈക്കോടതി വിധിച്ചത് പോലിസ് സംരക്ഷണം, പിണറായി വിധിച്ചത് തടങ്കല്‍ പീഡനം എന്ന മുദ്രാവാക്യമുയര്‍ത്തി ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലിസ് ഇടപെടണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ എസ്പി ഓഫിസ് മാര്‍ച്ച് ഭരണകൂടത്തിന് കനത്ത താക്കീതായി. കോട്ടയം ഗാന്ധി സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റിനു മുന്നില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന്, എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷന്‍ തുളസീധരന്‍ പള്ളിക്കല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തന്റെ ജീവനു ഭീഷണിയുണ്ടെന്നു രണ്ടര മാസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഹാദിയയുടെ വീട്ടിലെത്തി നേരിട്ട് മൊഴിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഏതു മതവും സ്വീകരിക്കാനുള്ള മൗലിക അവകാശം പൗരന്  ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നിരിക്കെ, ആധുനിക കേരളത്തില്‍ ഹാദിയയുടെ വിഷയം ഒരു മനുഷ്യാവകാശ പ്രശ്‌നമല്ലാതാക്കാനുള്ള ഗുഢനീക്കങ്ങളാണ് സംഘപരിവാരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്. ഹാദിയയുടെ മൊഴി രേഖപ്പെടുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലിസിനോട് ആവശ്യപ്പെട്ടപ്പോള്‍ സുപ്രിംകോടതിയുടെ മുമ്പാകെ ഇരിക്കുന്ന കേസാണെന്നു പറഞ്ഞു മൊഴിയെടുക്കാന്‍ തയ്യാറാവാതിരുന്നത് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ്. സംഘപരിവാര അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ പോലിസിനെ അനുവദിക്കരുത്. ഹാദിയയുടെ ജീവന്‍ രക്ഷിക്കാന്‍ പോലിസ് ഇടപെടണം. അല്ലെങ്കില്‍ ഹാദിയയ്ക്കു സംരക്ഷണം ഒരുക്കാന്‍ പതിനായിരങ്ങള്‍ ഹാദിയയുടെ വീട്ടിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it